കുട്ടികളുടെ ആശുപത്രി റഷ്യ ആക്രമിച്ച സംഭവത്തിൽ അപലപിച്ച് ഉക്രേനിയൻ ഗ്രീക്ക് ആർച്ചുബിഷപ്പ്

ഉക്രൈന്റെ തലസ്ഥാന നഗരമായ കീവിൽ കുട്ടികളുടെ ആശുപത്രിക്കുനേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് ദുഃഖം രേഖപ്പെടുത്തി. ജൂലൈ എട്ടിന് റഷ്യൻ സൈന്യം ആശുപത്രിക്കുനേരെ നടത്തിയ മിസൈൽ ആക്രമണത്തിൽ 12-ലേറെപ്പേർ മരണമടയുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

“ഈ ആക്രമണം, പ്രതികാരത്തിനായി സ്വർഗത്തോടു നിലവിളിക്കുന്ന പാപമാണ്. കാരണം, ജീവൻ രക്ഷിക്കാനായി പലവിധ ശസ്ത്രക്രിയകൾക്കു വിധേയരാകേണ്ട കുട്ടികളെയാണ് റഷ്യൻ ക്രിമിനലുകൾ ക്രൂരമായി കൊലപ്പെടുത്തിയത്. പല കുഞ്ഞുങ്ങളെയും ആ സമയത്ത് ശസ്ത്രക്രിയയ്ക്കു വിധേയരാക്കുകയായിരുന്നു. ദൈവത്തിന്റെ നാമത്തിൽ മനുഷ്യരാശിക്കെതിരായ ഈ കുറ്റകൃത്യത്തെ ഞങ്ങൾ അപലപിക്കുന്നു” – സഭാധ്യക്ഷൻ പങ്കുവച്ചു.

ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മരണമടഞ്ഞ നിരപരാധികളായ കുട്ടികൾക്കുവേണ്ടിയും ഈ ദുരന്തത്തിൽ വേദനയനുഭവിക്കുന്നവർക്കുവേണ്ടിയും ആർച്ചുബിഷപ്പ് പ്രാർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.