ഒക്ടോബർ നാലുമുതൽ 29 വരെ വത്തിക്കാനിൽവച്ചു നടക്കുന്ന മെത്രാൻ സിനഡിന്റെ പതിനാറാമത് സാധാരണ പൊതുസമ്മേളനത്തിൽ ചരിത്രത്തിൽ ആദ്യമായി അഞ്ച് സന്യസ്‌തർ അതിന്റെ ആദ്യസെഷനിൽ പങ്കെടുക്കും. സന്യസ്‌തകളുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്ര യൂണിയന്റെ പ്രസിഡന്റ് സി. മേരി ബറോൺ OLA ആണ് ഇതു സംബന്ധിച്ച വിവരം സെപ്റ്റംബർ 28, വ്യാഴാഴ്ച പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
സന്യസ്‌തകളുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്ര യൂണിയനിൽ അംഗങ്ങളായുള്ള 2000 കോൺഗ്രിഗേഷനുകളിലെ ആറുലക്ഷത്തിലധികം സന്യസ്‌തകളെ പ്രതിനിധീകരിച്ചായിരിക്കും ഈ അഞ്ചു സന്യസ്‌തകൾ സിനഡാലിറ്റിയെക്കുറിച്ചുള്ള ഈ സിനഡിൽ സംബന്ധിക്കുക. 2014 -ൽ നടന്ന, കുടുംബങ്ങളെ സംബന്ധിച്ച സിനഡിൽ ഫ്രാൻസിസ് പാപ്പായാണ് തങ്ങളെ ആദ്യമായി ശ്രോതാക്കളെന്ന നിലയിൽ ഒരു സിനഡിലേക്ക് ക്ഷണിച്ചതെന്ന് സി. മേരി ബറോൺ പത്രക്കുറിപ്പിൽ അനുസ്മരിച്ചു. പിന്നീടങ്ങോട്ടു നടന്ന സിനഡുകളിൽ സന്യസ്‌തകളുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്ര യൂണിയൻ പ്രതിനിധികൾക്ക് ശ്രോതാക്കളായി സംബന്ധിക്കാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും, ഇത്തവണ പൂർണ്ണമായ അംഗത്വത്തോടെ തങ്ങൾക്ക് പങ്കെടുക്കാനുള്ള സാഹചര്യമാണ് പാപ്പാ ഒരുക്കിയതെന്നും അതിന് തങ്ങൾ നന്ദിയുള്ളവരാണെന്നും സി. ബറോൺ അറിയിച്ചു.
സന്യസ്‌തകളുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്ര യൂണിയൻ പ്രസിഡന്റ് സി. മേരി ബറോൺ, OLA, എക്സിക്യൂട്ടീവ് സെക്രട്ടറി സി. പാത്രീസ്യ മുറേ IBVM, സി. എലിസബത്ത് മേരി ഡേവിസ് RSM, സി.എലീസേ ഇസേരിമാന, Op. S.D.N., സി. മരിയ നിർമാലിനി, A.C., എന്നിവരായിരിക്കും സിനഡിന്റെ ആദ്യ സെഷനിൽ സംബന്ധിക്കുക.