
ബുർക്കിനോ ഫാസോയിലെ ഡെഡോഗൗ രൂപതയിൽ പരിശീലന കോഴ്‌സിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയിൽ രണ്ടു മതബോധന അധ്യാപകർ കൊല്ലപ്പെട്ടു. ഇവരുടെ മരണത്തിൽ ബുർക്കിനോ ഫാസോയിലെ ഡെഡോഗൗ രൂപത അനുശോചനം രേഖപ്പെടുത്തി.
ഡെഡോഗൗ രൂപത പറയുന്നതനുസരിച്ച്, മത്യാസ് സോംഗോ, ക്രിസ്റ്റ്യൻ ടിയെൻഗ എന്നീ രണ്ട് മതബോധന അധ്യാപകർ മോട്ടോർ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. ഔകാര ഇടവകയിലെ നാല് ഇടവകാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ബോണ്ടോകുയി പട്ടണത്തിന് സമീപം വച്ചാണ് ആയുധധാരികളായ ഒരു സംഘം ഇവരെ ആക്രമിച്ചത്. രക്ഷപ്പെട്ട ബാക്കിയുള്ളവർ കാട്ടിലേക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്.
വിവരമറിയിച്ചതിനെ തുടർന്ന് ഇടവക വികാരി കൊല്ലപ്പെട്ട രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഇടവക വികാരി സംഭവസ്ഥലത്ത് എത്തിയപ്പോൾ, അന്വേഷണം ആരംഭിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. ജനുവരി അവസാനം നടന്ന ഈ ആക്രമണങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരേ സ്ഥലത്ത് നടക്കുന്ന നാലാമത്തെ മാരകമായ ആക്രമണമാണെന്ന് അന്വേഷണം തുടരുന്ന പൊലീസ് ഉദ്യാഗസ്ഥർ പറയുന്നു.
ബുർക്കിനോ ഫാസോയിലുടനീളം കുറച്ച് കാലമായി അക്രമം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി പരസ്പരം പോരടിക്കുന്ന വിവിധ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ സാന്നിധ്യവും ആക്രമണങ്ങളുടെ ആക്കം കൂട്ടി. വർധിച്ചുവരുന്ന ആക്രമണങ്ങൾ മൂലം ഏകദേശം രണ്ട് ദശലക്ഷം ആളുകൾ പ്രദേശത്ത് നിന്നും പലായനം ചെയ്തു.