![nig](https://i0.wp.com/www.lifeday.in/wp-content/uploads/2025/01/nig.jpg?resize=696%2C435&ssl=1)
ജനുവരി ഏഴിന് നൈജീരിയയിലെ ഒനിറ്റ്ഷയിലെ കത്തോലിക്കാ അതിരൂപതയിൽനിന്നും തട്ടിക്കൊണ്ടുപോയ രണ്ട് സന്യാസിനിമാരെ വിട്ടയച്ചു. ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി മദർ ഓഫ് ക്രൈസ്റ്റ് (IHM) സന്യാസിനീ സമൂഹത്തിൽപെട്ട സി. വിൻസെൻഷ്യ മരിയ ന്വാങ്ക്വോയെയും സിസ്റ്റർ ഗ്രേസ് മാരിയറ്റ് ഒകോലിയെയും ആണ് വിട്ടയച്ചത്.
“ജനുവരി ഏഴിന് തട്ടിക്കൊണ്ടുപോകപ്പെട്ട പ്രിയ സഹോദരിമാരായ സി. വിൻസെൻഷ്യ മരിയ ന്വാങ്ക്വോ, സി. ഗ്രേസ് മാരിയറ്റ് ഒകോളിയും മോചിതരായി. അവർ ആരോഗ്യത്തോടെ ആയിരിക്കുന്നു എന്നറിയിക്കുന്നതിൽ സന്തോഷമുണ്ട്”- കോൺഗ്രിഗേഷനിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. ആർച്ച്ബിഷപ്പ് ചാൾസ് ഹീറി മെമ്മോറിയൽ മോഡൽ സെക്കൻഡറി സ്കൂൾ ഉഫുമയുടെ പ്രിൻസിപ്പലാണ് സി. വിൻസെൻഷ്യ മരിയ. ഇമ്മാക്കുലേറ്റ ഗേൾസ് മോഡൽ സെക്കൻഡറി സ്കൂൾ നെവിയിലെ അധ്യാപികയാണ് സി. ഗ്രേസ് മാരിയറ്റ്.
നൈജീരിയയിൽ വർഷങ്ങളായി പുരോഹിതന്മാരെയും സന്യാസിനിമാരെയും സ്ത്രീകളെയും പുരുഷന്മാരെയും ലക്ഷ്യംവച്ചുള്ള നിരവധി തട്ടിക്കൊണ്ടു പോകലുകൾ നടക്കുന്നു. ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, ചില സന്ദർഭങ്ങളിൽ കൊലപാതകം എന്നിവ ഇവിടെ വ്യാപകമാണ്. നൈജീരിയയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന സംഘടനയായ ബോക്കോ ഹറാം 2009 മുതൽ രാജ്യത്ത് ഒരു പ്രധാന വെല്ലുവിളിയാണ്.