ഈജിപ്തിലെ ജയിലിൽ വിചാരണ കൂടാതെ തടവിലാക്കപ്പെട്ട രണ്ടു ക്രൈസ്തവർ മൂന്നു വർഷത്തിനുശേഷം മോചിപ്പിക്കപ്പെട്ടു. ഇവർ ഇസ്‌ലാമിൽ നിന്ന് പരിവർത്തനം ചെയ്ത് ക്രൈസ്തവരായതാണ്. അബ്ദുൾബാക്കി സയീദ് അബ്ദോ, നൂർ ഗിർഗിസ് എന്നിവരെ ജനുവരി 25-നാണ് വിട്ടയച്ചത്. മതനിന്ദ ആരോപിച്ച് 2021 മുതൽ ഇരുവരും വിചാരണയ്ക്ക് മുമ്പു തടങ്കലിൽ കഴിയുകയായിരുന്നു.
യെമനിൽ നിന്നുള്ള അബ്‌ദോ, അവിടെ അനുഭവിച്ച പീഡനങ്ങൾ കാരണം യു. എൻ. അഭയാർഥി പദവി നേടി കാനഡയിലേക്ക് പലായനം ചെയ്തു. അവിടെ കുടുംബവുമായി വീണ്ടും ഒന്നിച്ചു. ഇപ്പോഴും കുറ്റാരോപിതനായ ഗിർഗിസ് എവിടെയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
2021 ഡിസംബറിൽ ഈജിപ്തിലെ നാഷണൽ സെക്യൂരിറ്റി ഏജൻസി (എൻ. എസ്. എ.) യുടെ ഏജന്റുമാർ അബ്ദോയുടെ വീട്ടിൽ റെയ്ഡ് നടത്തി മൂന്ന് ലാപ്ടോപ്പുകൾ പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. യെമനിലെ ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു ക്രിസ്ത്യൻ ടെലിവിഷൻ ചാനലിൽ വന്നതിനുശേഷമാണ് അബ്ദോയുടെ വീട്ടിൽ റെയ്ഡ് നടന്നത്.
ഈജിപ്ഷ്യൻ അധികാരികൾ അദ്ദേഹം ഇസ്‌ലാമിൽ നിന്ന് പരിവർത്തനം ചെയ്തവർക്കായുള്ള ഒരു സ്വകാര്യ ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗമാണെന്ന് തിരിച്ചറിയുകയും മതനിന്ദാകുറ്റങ്ങൾ ചുമത്തുകയും ചെയ്തു. ആരോപണവിധേയനായ സംഘത്തിലെ അംഗമാണ് ഗിർഗിസ് എന്ന് പൊലീസ് തിരിച്ചറിയുകയും അതേ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
ഈ രണ്ട് ക്രിസ്ത്യാനികൾക്കെതിരെയുള്ള കുറ്റങ്ങൾ സംശയാസ്പദമാണെന്ന് ഈജിപ്തിലെയും വിദേശത്തെയും മനുഷ്യാവകാശ വക്താക്കൾ വെളിപ്പെടുത്തി.