രണ്ടര വർഷത്തെ നിയമപോരാട്ടം വിജയിച്ചു: നൈജീരിയയിൽ വ്യാജ മതനിന്ദാകേസിൽ ക്രൈസ്തവസ്ത്രീയെ കുറ്റവിമുക്തയാക്കി

അഞ്ചു മക്കളുടെ അമ്മ ആയ റോഡാ ജതൗ (47) എന്ന ക്രിസ്ത്യൻ സ്ത്രീയെ മതനിന്ദ ആരോപണങ്ങളിൽ നിന്നും പൂർണ്ണമായും കുറ്റവിമുക്തയാക്കി നൈജീരിയയിലെ വടക്കുകിഴക്കൻ ബൗച്ചി സ്റ്റേറ്റിലെ ഒരു ജഡ്ജി. ഇതോടെ രണ്ടര വർഷത്തെ നിയമപോരാട്ടമാണ് വിജയം നേടിയത്. ബൗച്ചി ശരീ-അത്ത് നിയമപ്രകാരം വധശിക്ഷയ്ക്കു വിധേയമാക്കാവുന്ന കുറ്റമാണ് മതനിന്ദ.

“റോഡായെ കുറ്റവിമുക്ത ആക്കിയതിനും വളരെക്കാലമായി അവൾ അനുഭവിച്ച അഗ്നിപരീക്ഷയുടെ അവസാനത്തിനും ഞങ്ങൾ ദൈവത്തോട് നന്ദിയുള്ളവരാണ്. സമാധാനപരമായ അഭിപ്രായപ്രകടനത്തിന് ഒരു വ്യക്തിയും ശിക്ഷിക്കപ്പെടരുത്. കൂടാതെ, റോഡാ ജതൗ പൂർണ്ണമായും കുറ്റവിമുക്തയായതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്. എന്നാൽ റോഡായെ ആദ്യം അറസ്റ്റ് ചെയ്യാൻ പാടില്ലായിരുന്നു. നൈജീരിയയിലെ ക്രിസ്ത്യാനികൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കും അന്യായമായി തടവിലാക്കപ്പെടുകയും ക്രൂരമായ മതനിന്ദ നിയമങ്ങളാൽ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നവർക്കായും നീതി തേടുന്നത് ഞങ്ങൾ തുടരും” – എ. ഡി. എഫ്. ഇന്റർനാഷണലിന്റെ നിയമോപദേശകൻ സീൻ നെൽസൺ വെളിപ്പെടുത്തി.

നൈജീരിയൻ ക്രിസ്ത്യൻ കോളേജ് വിദ്യാർഥിനി ഡെബോറ ഇമ്മാനുവൽ യകാബുവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിനെ അപലപിച്ചുകൊണ്ടുള്ള ഒരു വീഡിയോ സഹപ്രവർത്തകർക്ക് അയച്ചതിനാണ് 2022 മെയ് 20 ന് റോഡായെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടർന്ന് അവളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ക്രൈസ്തവർക്കുനേരെ വ്യാപകമായ ആക്രമണം നടത്തുകയുമായിരുന്നു. തുടർന്നുണ്ടായ കലാപത്തിൽ 15 ക്രിസ്ത്യാനികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ കത്തിനശിക്കുകയും ചെയ്തതായും ലൈറ്റ് ബെയറർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

2023 ഡിസംബർ വരെ റോഡാ അജ്ഞാത തടവിലായിരുന്നു. റോഡായുടെ വിചാരണയ്ക്കിടെ, പ്രോസിക്യൂഷന്റെ വാദങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയിരുന്നു. എ. ഡി. എഫ്. ഇന്റർനാഷണലിന്റെയും മറ്റ് മതസ്വാതന്ത്ര്യ പ്രവർത്തകരുടെയും അന്താരാഷ്ട്ര പ്രതികരണങ്ങൾക്കും അഭ്യർഥനകൾക്കും പിന്നാലെയാണ് കുറ്റവിമുക്ത വാർത്ത പുറത്തുവന്നത്. രാജ്യത്തിന്റെ മതനിന്ദ നിയമങ്ങളെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭയുടെ വിദഗ്ദ്ധരും റോഡായ്ക്കുവേണ്ടി നൈജീരിയൻ സർക്കാരിന് സംയുക്ത കത്തയച്ചിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.