
മെക്സിക്കൻ സംസ്ഥാനമായ വെരാക്രൂസിൽ നിന്നുള്ള ഇരട്ട സഹോദരന്മാരാണ് ജോസ് അന്റോണിയോയും ജുവാൻ അന്റോണിയോ ലിക്കോണ വൈറ്റും. ഈ ഇരട്ട സഹോദരങ്ങൾ ഇന്ന് പുരോഹിതന്മാരാണ്. സാഹോദര്യത്തേക്കാൾ ആത്മീയ ബന്ധത്തിൽ ഇഴ ചേർക്കപ്പെട്ട ഇവരുടെ ജീവിതങ്ങളെ കൂടുതൽ അറിയാം.
ദൈവവിളിയുടെ ആദ്യ നിമിഷങ്ങൾ
പൗരോഹിത്യത്തിലേക്കുള്ള ആദ്യ ക്ഷണം ലഭിച്ചത് തങ്ങളുടെ പത്താം വയസ്സിൽ അൾത്താര ബാലന്മാരായി ശുശ്രൂഷ ചെയ്തപ്പോൾ ആയിരുന്നു എന്ന് അവർ പങ്കുവയ്ക്കുന്നു. “എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷവും പൗരോഹിത്യത്തിലേക്ക് വിളിക്കപ്പെട്ടതായി തോന്നിയ ആദ്യ നിമിഷവും ഞാനൊരു അൾത്താര ബാലനായിരിക്കെ വിശുദ്ധ കുർബാനയെ കുറിച്ച് ധ്യാനിച്ച നിമിഷങ്ങളാണ്”- ഫാ. ജോസ് അന്റോണിയോ പങ്കുവച്ചു.
“ഒരു ദിവ്യകാരുണ്യ ആരാധനയ്ക്കിടയിൽ എത്രയും പരിശുദ്ധ ദിവ്യകാരുണ്യത്തിൽ ഈശോയെ നോക്കിയിരിക്കുമ്പോൾ എന്റെ ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത അത്ര സന്തോഷവും ആനന്ദവും അനുഭവപ്പെട്ട നിമിഷത്തിലാണ് ഞാനെന്റെ പൗരോഹിത്യത്തിലേക്കുള്ള വിളിയുടെ ആദ്യ ക്ഷണം മനസ്സിലാക്കിയത്”- ജുവാൻ അന്റോണിയോ വിവരിച്ചു.
സെമിനാരി ജീവിതവും പൗരോഹിത്യവും
2011 ലാണ് രണ്ടു സഹോദരന്മാരും വൊക്കേഷണൽ പ്രീ-സെമിനാരിയിൽ ചേർന്നത്. ഇടവക വികാരിയുടെ പ്രത്യേക നിർദേശവും പിന്തുണയും അവരുടെ സെമിനാരി പ്രവേശനത്തിന് സഹായകരമായിരുന്നു. പ്രാരംഭകാലങ്ങളിൽ തീരുമാനത്തിൽ വ്യക്തത കുറവുണ്ടായിരുന്നെങ്കിലും പൗരോഹിത്യത്തിലേക്കുള്ള തങ്ങളുടെ വിളിയുടെ ആഴം തിരിച്ചറിഞ്ഞപ്പോൾ അവർ ദൈവത്തിനായി സ്വയം സമർപ്പിക്കാൻ തീരുമാനിച്ചു. 2025 ജനുവരി 21 ന് ടക്സ്പാൻ ബിഷപ്പ് റോബർട്ടോ മാഡ്രിഗൽ ഗാലെഗോസിന്റെ കൈവയ്പ്പിലൂടെ അവർ ഇരുവരും ക്രിസ്തുവിന്റെ പുരോഹിതരായി.
പൗരോഹിത്യവിളിയും കുടുംബവും
പൗരോഹിത്യവിളിയിലേക്കുള്ള ഇരുവരുടെയും പ്രവേശനത്തിന് കുടുംബം ഒരു പ്രധാന ഘടകമാണെന്ന് ഇവർ അനുസ്മരിക്കുന്നു. തന്റെ രൂപീകരണത്തിലുടനീളം തന്നോടൊപ്പം ഉണ്ടായിരുന്ന നല്ല സുഹൃത്തായ തന്റെ സഹോദരനോടൊപ്പം യാത്ര തുടരാൻ കഴിയുന്നത് ദൈവത്തിൽ നിന്നുള്ള ഒരു അനുഗ്രഹമായി ഫാദർ ജോസ് അന്റോണിയോ പങ്കുവയ്ക്കുന്നു.
“ദൈവം അനുവദിക്കുന്നിടത്തോളം കാലം ദൈവത്തോട് സ്നേഹപൂർവം പ്രത്യുത്തരിക്കാൻ പ്രോത്സാഹനവും പിന്തുണയും ഞങ്ങൾക്ക് ലഭിച്ചത് ഞങ്ങളുടെ മാതാപിതാക്കളിൽ നിന്നാണ്”- അവർ വെളിപ്പെടുത്തി.
എത്ര ശ്രേഷ്ഠം ഈ വിളി
“സെമിനാരിയിൽ പ്രവേശിക്കാനുള്ള തീരുമാനമെടുക്കുമ്പോൾ സംശയങ്ങളും ഭയങ്ങളും ഉണ്ടായേക്കാം. എങ്കിലും, “നാം നമുക്കുവേണ്ടി മാത്രമല്ല, മുഴുവൻ സഭയ്ക്കും വേണ്ടിചെയ്യാൻ പോകുന്ന എല്ലാ നന്മകളെയും തട്ടിച്ചു നോക്കുമ്പോൾ, ഈ വിളി എത്ര മഹത്തായതും അർഥവത്തായതുമായ ഒന്നാണ് എന്ന് വിസ്മരിക്കരുത്”- ജുവാൻ അന്റോണിയോ പറയുന്നു. ദൈവം നമ്മിലൂടെ പ്രവർത്തിക്കുമെന്നും നമ്മിലൂടെ നിരവധിയാളുകൾ രക്ഷപ്രാപിക്കും എന്നും മറക്കരുതെന്ന് സെമിനാരി പ്രവേശനത്തിനായി ഒരുങ്ങുന്ന എല്ലാ യുവാക്കളോടുമായി ഈ ഇരട്ട വൈദികർ ഓർമ്മപ്പെടുത്തുന്നു.