ഏറ്റവും ദുർബലരായവരെ സഹായിക്കുന്നതിലൂടെ ക്രിസ്തുവിനെത്തന്നെയാണ് സ്പർശിക്കുന്നതെന്ന് ഓർമപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. സ്പെയിനിലെ ‘സമാധാനത്തിന്റെ സന്ദേശവാഹകർ’ എന്ന മുന്നേറ്റത്തിന്റെ, വത്തിക്കാനിൽ വച്ചു നടന്ന മൂന്നാം സമ്മേളനത്തിലാണ് ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഈ സന്ദേശം.
“അസമത്വങ്ങൾ പരിഹരിച്ചുകൊണ്ട് നാം നമ്മുടെ സാമൂഹികഘടന പുന:സ്ഥാപിക്കണം. ദുർബലരായവരെ പരിപാലിക്കുന്നത് എപ്പോഴും വലിയ കാര്യമാണ്. കാരണം, അവർക്കാണ് സ്വർഗരാജ്യം. അവർക്ക് നമ്മുടെ സഹായം നൽകാൻ ശ്രമിക്കുമ്പോൾ നാം ക്രിസ്തുവിനെ സ്പർശിക്കുകയാണ്” – മാർപാപ്പ സന്ദേശത്തിൽ പങ്കുവച്ചു.
സമാധാനത്തിന്റെ സന്ദേശവാഹകരായിക്കൊണ്ടുള്ള ഈ മുന്നേറ്റത്തിന്റെ ക്രൈസ്തവസാക്ഷ്യത്തിന് മാർപാപ്പ നന്ദി അറിയിക്കുകയും അവരുടെ പ്രവർത്തനങ്ങളെ വിലമതിക്കുകയും ചെയ്തു. യുദ്ധത്താലും മറ്റു കാരണങ്ങളാലും സമൂഹത്തിൽനിന്ന് അകറ്റിനിർത്തപ്പെടുന്നവരുടെയും വിദ്യാർഥികളായി അലയേണ്ടിവരുന്നവരുടെയും ബുദ്ധിമുട്ടുകളെയും മാർപാപ്പ അനുസ്മരിച്ചു.