ക്രിസ്തുരാജന്റെ തിരുനാൾ ദിനമായ ഇന്ന് സഭാതലത്തിൽ 39 -ാം ലോകയുവജനദിനം ആചരിക്കുന്നു. ഈ ദിനാചരണത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ സമൂഹദിവ്യബലി വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ഇന്ന് രാവിലെ പ്രാദേശിക സമയം 9.30-ന് അർപ്പിക്കപ്പെടും.
“കർത്താവിൽ പ്രത്യാശ വയ്ക്കുന്നവർ അക്ഷീണം നടക്കുന്നു” എന്നതാണ് ഈ ദിനാചരണത്തിൻറെ പ്രമേയം. ഏശയ്യാ പ്രവാചകന്റെ പുസ്തകം നാല്പതാം അദ്ധ്യായത്തിലെ മുപ്പത്തിയൊന്നാമത്തെതായ വാക്യത്തിൽ നിന്നെടുത്തതാണിത്.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായാണ്, സഭയിൽ യുവജനദിനാചരണം ഏർപ്പെടുത്തിയത്. ഇതിൻറെ തുടക്കം 1985-ലായിരുന്നു. 1986 മുതൽ 2020 വരെ പ്രാദേശിക സഭകളിൽ ഈ ആചരണം ഓശാന ഞായറാഴ്ചയായിരുന്നു. 2020-ൽ ഫ്രാൻസീസ് പാപ്പായാണ് ഈ ആഘോഷം, 2021 മുതൽ ക്രിസ്തുരാജന്റെ തിരുനാൾ ദിനത്തിലായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.