നവംബറിൽ ക്രിസ്തുവിനെ സ്വീകരിച്ച ഒരു മുസ്ലീം ദമ്പതികളെയും അവരുടെ പ്രായപൂർത്തിയായ മകനെയും ഡിസംബർ 26 ന് കിഴക്കൻ ഉഗാണ്ടയിൽ ചുട്ടുകൊന്നതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. കലിറോ ജില്ലയിലെ ബുഡിനി നിയാൻസ ഏരിയയിൽ, 64-കാരനായ കൈഗ മുഹമ്മദും ഭാര്യ സാവുയ കൈഗയും അവരുടെ മകൻ സ്വാഗ്ഗ അമുസ കൈഗയും ആണ് കൊല്ലപ്പെട്ടതെന്ന് മോർണിംഗ് സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
മലേറിയ ബാധിച്ച സ്വാഗ്ഗ അമുസ കൈഗയ്ക്ക് ക്രിസ്തു സൗഖ്യം നൽകിയതിനെത്തുടർന്നാണ് ഈ കുടുംബം ക്രിസ്‌തു വിശ്വാസം സ്വീകരിച്ചതെന്ന് സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താത്തയാൾ പറഞ്ഞു. ക്രിസ്തുവിശ്വാസം സ്വീകരിച്ച ഇവർ പ്രദേശത്തെ മുസ്ലീങ്ങളെ ഭയന്ന് തങ്ങളുടെ വിശ്വാസം രഹസ്യമായി സൂക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ, ഡിസംബർ 15 ന്, സമീപഗ്രാമത്തിലെ പള്ളിയിൽ നിന്നും മുഹമ്മദ് പുറത്തേക്ക് പോകുന്നത് പ്രദേശത്തെ മുസ്ലീങ്ങൾ ശ്രദ്ധിക്കുകയും ഏരിയ ചെയർപേഴ്സൺ വാംഗുലെ അബുദുവിനെ അറിയിക്കുകയും ചെയ്തു. ഡിസംബർ 16-ന് ചെയർപേഴ്‌സൺ മുഹമ്മദിനെ ചോദ്യം ചെയ്യുകയും താനും മറ്റ് കുടുംബാംഗങ്ങളും തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമർപ്പിച്ചുവെന്ന് മുഹമ്മദ് സമ്മതിക്കുകയുമായിരുന്നു.
ക്ഷുഭിതനായ അബുദു, ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ ഒരാഴ്ച സമയം നൽകി. വിസമ്മതിച്ചാൽ മുസ്ലീം സമുദായത്തെ അവരുടെ കുടുംബത്തിനെതിരെ തിരിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. വിശ്വാസം ഉപേക്ഷിക്കാൻ മുഹമ്മദും കുടുംബവും തയ്യാറായില്ല. ഡിസംബർ 26 ന് പ്രദേശത്തെ മുസ്ലീങ്ങൾ വീടിന് ഗ്യാസ് ഉപയോഗിച്ച് തീയിടുകയും കുടുംബത്തിലെ മൂന്ന് അംഗങ്ങളെ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കുകയും ചെയ്തു.
ജീവൻ നഷ്ടപ്പെട്ടതിനുശേഷം കലിറോ പൊലീസ് എത്തി, അന്വേഷണം നടത്തി വാംഗുലെ അബുദു (62), ഇസ്മായിൽ നജാഗി (20) എന്നിവരെ അറസ്റ്റ് ചെയ്തു. കൊലപാതകം, തീവെപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി രണ്ട് മുസ്ലീങ്ങളെ കലിറോ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. മോണിംഗ് സ്റ്റാർ ന്യൂസ് രേഖപ്പെടുത്തിയ ഉഗാണ്ടയിലെ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നതിന്റെ ഏറ്റവും പുതിയ സംഭവമാണ് ഈ ആക്രമണം.