സിനഡാത്മകതയെക്കുറിച്ച്, ഒക്ടോബറിൽ വത്തിക്കാനിൽ നടക്കുന്ന സിനഡിൽ മെത്രാന്മാർക്കു പുറമെ മലയാളികളായ മൂന്നുപേർ കൂടി പങ്കെടുക്കും. മാനന്തവാടി രൂപതാംഗമായ ഫാ. സജീഷ് പുല്ലംകുന്നേൽ, കൊച്ചി സ്വദേശിനി സി. ടാനിയ ജോർജ്, പണനാശേരി സ്വദേശി മാത്യു തോമസ് പാറക്കാട് എന്നിവർക്കാണ് സിനഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
മൂന്നുപേരും സിനഡിൽ പങ്കെടുക്കുന്നത് ഭാരതസഭയെ പ്രതിനിധീകരിച്ചല്ല. എറണാകുളം ഏലൂർ സ്വദേശിനിയായ സി. ടാനിയ ജോർജ്, സിനഡ് സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിലാണ് സിനഡിൽ പങ്കെടുക്കുക. എംഐഡി സമർപ്പിത സമൂഹാംഗമായ സിസ്റ്റർ റോമിൽ പാസ്റ്ററൽ കമ്മ്യൂണിക്കേഷനിൽ പിഎച്ച്ഡി ചെയ്യുകയാണ്. മാനന്തവാടി രൂപതാംഗമായ ഫാ. സിജീഷ് പുല്ലംകുന്നേൽ ഓസ്ട്രേലിയയിലെ മെൽബൻ സീറോമലബാർ രൂപത ചാൻസലറാണ്. ഓഷ്യാനിയ മേഖലയെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹം സിനഡിൽ പങ്കെടുക്കുന്നത്.
ചങ്ങനാശേരി അതിരൂപതാംഗമായ മാത്യു തോമസ് വർഷങ്ങളായി കുവൈറ്റിൽ ജീസസ് യൂത്ത് നാഷണൽ ആനിമേറ്ററാണ്. ഗൾഫ് മേഖലയിലെ വികാരിയത്തിന്റെ പ്രതിനിധിയായാണ് അദ്ദേഹം പങ്കെടുക്കുന്നത്.