![tribute,-officer,-killed,-Gaza,-rescue-operation](https://i0.wp.com/www.lifeday.in/wp-content/uploads/2024/06/tribute-officer-killed-Gaza-rescue-operation.jpg?resize=696%2C435&ssl=1)
മധ്യഗാസയില്‍ നിന്ന് നാലു ബന്ദികളെ – അല്‍മോഗ് മെയര്‍ ജാന്‍, ആന്‍ഡ്രി കോസ്ലോവ്, ഷ്‌ലോമി സിവ്, നോവ അര്‍ഗമണി – രക്ഷിക്കാനുള്ള ഓപ്പറേഷനില്‍ പങ്കെടുക്കുന്നതിനിടെ കൊല്ലപ്പെട്ട തീവ്രവാദവിരുദ്ധ പൊലീസ് ഉദ്യോഗസ്ഥനായ അര്‍നോണ്‍ സ്മോറയുടെ ശവസംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച ജറുസലേമിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. ഹമാസ്, ഗാസയില്‍ ബന്ദികളാക്കിയവരുടെ കുടുംബാംഗങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു.
എലൈറ്റ് യമാം തീവ്രവാദവിരുദ്ധ യൂണിറ്റിലെ ഉദ്യോഗസ്ഥനായ സ്‌മോറ, ഓപ്പറേഷനിടെ ബന്ദികളില്‍ മൂന്നുപേരെ രക്ഷിച്ചുകൊണ്ടുവരുമ്പോള്‍ ഭീകരരുടെ വെടിയേറ്റ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. ഇസ്രായേലിലെ ആശുപത്രിയിലെത്തിച്ച ഉടന്‍തന്നെ അദ്ദേഹം മരണത്തിനുകീഴടങ്ങി. തുടര്‍ന്ന് അദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം ‘ഓപ്പറേഷന്‍ അര്‍നോണ്‍’ എന്ന് ഈ ഓപ്പറേഷനെ പുനര്‍നാമകരണം ചെയ്തു.
ജറുസലേമിലെ മൗണ്ട് ഹെര്‍സല്‍ സൈനികസെമിത്തേരിയില്‍ അര്‍നോണിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര എത്തുന്നതിനു മുമ്പുതന്നെ, സമീപ പട്ടണമായ മെവാസറെറ്റ് സിയോണിലെ സ്മോറ കുടുംബത്തിന്റെ വീടിനുപുറത്ത് ഇസ്രായേല്‍ക്കാര്‍ നിരന്നു. ആദരാഞ്ജലിയായി ഇസ്രായേലിന്റെ പതാകയും ആളുകള്‍ വീശി. ഇസ്രായേല്‍ പൊലീസിനെ പ്രതിനിധീകരിച്ച് പൊലീസ് കമ്മീഷണര്‍ കോബി ഷബ്തായ് ആദരാഞ്ജലി അര്‍പ്പിച്ചു.
“അവന്‍ എന്റെ മാത്രമല്ല, ഒരു രാജ്യത്തിന്റെ മുഴുവന്‍ ഹീറോയാണ്” എന്ന് സെമിത്തേരിക്കുള്ളില്‍വച്ച് സ്മോറയുടെ അമ്മ റൂട്ടി, തന്റെ മകനെക്കുറിച്ച് മുറവിളിയോടെ പറഞ്ഞത്, കേട്ടുനിന്ന ഏവരുടെയും നെഞ്ചുലച്ചു. “ആകാശമാണ് അതിര് എന്നു കരുതിയിരുന്ന വ്യക്തിയായിരുന്നു എന്റെ മകന്‍. എല്ലായ്‌പ്പോഴും ഒന്നാമനായിരുന്നു. എപ്പോഴും ധൈര്യത്തോടെ പ്രവര്‍ത്തിച്ചു. എല്ലാ പോരാളികള്‍ക്കും അവന്‍ മാതൃകയായിരുന്നു. കഴിഞ്ഞയാഴ്ച അവനോടു സംസാരിക്കാന്‍ കഴിഞ്ഞിരുന്നു. ഞങ്ങള്‍ പരസ്പരം ആശംസകള്‍ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ജനതയ്ക്ക് വെളിച്ചം നല്‍കി. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം അതിന് തന്റെ ജീവന്‍ നല്‍കി. ദേശീയ ആഹ്ലാദത്തിന്റെ ഭാഗമാകുന്നതിനുപകരം ഞങ്ങള്‍ അഗാധമായ വിലാപത്തിലേക്കു പോകുന്നു” – അര്‍നോണിന്റെ അമ്മ കൂട്ടിച്ചേര്‍ത്തു. അര്‍നോണ്‍ ഒരു മാതൃകാപുരുഷനായിരുന്നുവെന്നും മികച്ച ഭര്‍ത്താവും നല്ല പിതാവുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭാര്യ അനുസ്മരിച്ചു.
പ്രതിവാര മന്ത്രിസഭായോഗത്തിനിടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അര്‍നോണിന് ആദരാഞ്ജലി അര്‍പ്പിച്ചു സംസാരിച്ചു. “നമ്മുടെ ജനതയുടെ ചരിത്രത്തില്‍ അര്‍നോണ്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടും” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.