
ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തിൽ പരമ്പരാഗതമായി നടത്തപ്പെടുന്ന കുരിശിന്റെ വഴിയിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി. ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി കർദിനാൾ ബാൽദാസാരെ റെയ്‌ന കുരിശ് വഹിച്ചു. ഫ്രാൻസിസ് മാർപാപ്പ കുരിശിന്റെ വഴിയിൽ പങ്കെടുത്തില്ലെങ്കിലും പാപ്പയുടെ ധ്യാനചിന്തകൾ പങ്കുവയ്ക്കപ്പെട്ടു.
തുടർച്ചയായ മൂന്നാം വർഷമാണ് ദുഃഖവെള്ളിയാഴ്ചത്തെ കുരിശിന്റെ വഴിയിൽ മാർപാപ്പയ്ക്ക് നേരിട്ട് പങ്കെടുക്കാൻ കഴിയാതെ വരുന്നത്. 14 സ്റ്റേഷനുകൾക്കൊപ്പമുള്ള ധ്യാനചിന്തകൾ തയ്യാറാക്കിയിരുന്നത് ഫ്രാൻസിസ് പാപ്പയാണ്. പ്രാദേശിക സമയം രാത്രി 9:15 ന് കർദിനാൾ റെയ്‌ന ഒന്നാം സ്ഥലത്തേക്കുള്ള കുരിശ് വഹിച്ചുകൊണ്ട് കുരിശിന്റെ വഴി ആരംഭിച്ചു. സഭയുടെയും സമൂഹത്തിന്റെയും വിവിധ വശങ്ങളെ പ്രതിനിധീകരിക്കുന്ന വിവിധ ഗ്രൂപ്പുകൾ തുടർന്നുള്ള സ്റ്റേഷനുകളിൽ മരക്കുരിശ് വഹിച്ചു. അതിൽ യുവാക്കൾ, കാരിത്താസ് വോളണ്ടിയർമാർ, കുടുംബങ്ങൾ, വികലാംഗർ, കുടിയേറ്റക്കാർ, ആരോഗ്യ പ്രവർത്തകർ, സമർപ്പിതർ, അധ്യാപകർ, ജൂബിലി വോളണ്ടിയർമാർ എന്നിവരും ഉൾപ്പെടുന്നു.