“എന്റെ പകുതിഭാഗം ഇപ്പോഴും തുരങ്കത്തിൽ തടവിലാണ്”: ബന്ദികളെ വീണ്ടെടുക്കാൻ ആവശ്യപ്പെട്ട് മോചിതരായവർ

“505 ദിവസങ്ങൾ ഞാൻ പട്ടിണി കിടന്നു, അപമാനിക്കപ്പെട്ടു, മർദിക്കപ്പെട്ടു. ആ ദിവസങ്ങളിൽ 197 ദിവസവും ഞാൻ ഒറ്റയ്ക്ക് ചെലവഴിച്ചു, എന്റെ ബോധം നഷ്ടപ്പെട്ടു.” ശനിയാഴ്ച ഇസ്രയേലിന്റെ ടെൽ അവീവിൽ നടന്ന ഒരു റാലിയിൽ മുഴങ്ങിക്കേട്ട ശബ്ദമാണിത്. ഹോസ്‌റ്റേജസ് സ്‌ക്വയറിൽ നടന്ന റാലിയിൽ പങ്കെടുത്ത് ഇപ്രകാരം സംസാരിച്ചത് ഹമാസിന്റെ മുൻ ബന്ദികളായ ഒമർ വെങ്കർട്ട്, ലിറി ആൽബഗ്, ഗാഡി മോസസ് എന്നിവരായിരുന്നു. എല്ലാ ഇസ്രായേലി ബന്ദികളെയും തിരികെ കൊണ്ടുവരുന്ന ഒരു സമഗ്ര കരാറിന് ഇസ്രായേൽ സർക്കാർ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി.

നിലവിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ബന്ദിയാക്കൽ കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കപ്പെട്ട മുൻ ബന്ദിയായ ഒമർ വെൻകെർട്ട് പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു. ഹമാസിന്റെ തടവിൽ കഴിഞ്ഞ ദിനങ്ങളിൽ അവർ നേരിടേണ്ടി വന്ന ക്രൂരതകളായിരുന്നു അവർ വിവരിച്ചത്.

“ഏകദേശം ഒന്നര മാസം മുമ്പാണ് ഞാൻ ജീവിതത്തിലേക്ക് തിരികെ വന്നത്. ആവേശത്തോടെ ഞാൻ ഇവിടെയുണ്ട്. എന്റെ സഹോദരന്മാരെ തടവിൽ നിന്ന് തിരികെ കൊണ്ടുവരാൻ ഞാൻ ആവശ്യപ്പെടുന്നു. പക്ഷേ യഥാർഥത്തിൽ ഞാൻ ഇവിടെയില്ല; എന്റെ പകുതി മാത്രമേ ഇവിടെയുള്ളൂ. എന്റെ ഒരു ഭാഗം ഇപ്പോഴും ഒരു തുരങ്കത്തിൽ തടവിലാണ്, നിങ്ങളും [ഇവിടെ റാലിയിൽ] യഥാർഥത്തിൽ ഇവിടെയില്ല – കാരണം നമ്മുടെ ഒരു ഭാഗം, നമ്മുടെ എല്ലാവരുടെയും ഒരു ഭാഗം ഗാസയിൽ തടവിലാണ്.”

തടവിലായിരുന്നപ്പോൾ താൻ അനുഭവിച്ച ഭയാനകമായ അവസ്ഥകളെ വെങ്കർട്ട് തുടർന്ന് വിവരിച്ചത് ഇപ്രകാരമാണ്: “തടങ്കലിൽ, എന്നെ ഒരു ഇടുങ്ങിയ തുരങ്കത്തിൽ അങ്ങേയറ്റം മോശമായ സാഹചര്യങ്ങളിൽ തടവിലാക്കി. കുളിമുറിയായി ഉപയോഗിക്കാൻ എന്റെ അരികിൽ നിലത്ത് ഒരു ദ്വാരം ഉണ്ടായിരുന്നു. 505 ദിവസങ്ങൾ; ഞാൻ പട്ടിണി കിടന്നു, അപമാനിക്കപ്പെട്ടു, മർദിക്കപ്പെട്ടു. ആ ദിവസങ്ങളിൽ, 197 ദിവസം ഞാൻ ഒറ്റയ്ക്ക് ചെലവഴിച്ചു, എന്റെ ബോധം നഷ്ടപ്പെട്ടു.”

തന്റെ തട്ടിക്കൊണ്ടുപോകലിന്റെ ആഘാതകരമായ നിമിഷം അദ്ദേഹം ഓർത്തു: “ഒരു അഭയകേന്ദ്രത്തിൽ നിന്നാണ് എന്നെ തട്ടിക്കൊണ്ടുപോയത്. എന്റെ ഉറ്റ സുഹൃത്ത്, എന്റെ സൂര്യപ്രകാശം, എന്റെ കാവൽ മാലാഖയായി മാറിയ കിം ദമാതി ഉൾപ്പെടെ 28 ചെറുപ്പക്കാർ കൊല്ലപ്പെട്ടു.”

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് വെങ്കർട്ട് നിലവിൽ തടവിലുള്ളവരെ എത്രയും വേഗം തിരികെ കൊണ്ടുവരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. തങ്ങളുടെ സഹോദരന്മാർ വീട്ടിലേയ്ക്ക് മടങ്ങേണ്ടത് ഉത്തരവാദിത്വവും ബാധ്യതയുമാണെന്നും വെങ്കർട്ട് കൂട്ടിച്ചേർത്തു.

“സ്വാതന്ത്ര്യം എന്ന വാക്ക് കേൾക്കുമ്പോൾ ഗംഭീരവും മാന്യവുമായി തോന്നുമെങ്കിലും അത് ലളിതമാണ്: കുടുംബത്തോടൊപ്പം ആയിരിക്കുക. ഹൃദയത്തിൽ സമാധാനത്തോടെ രാവിലെ ഉണരുക. ഭയമില്ലാതെ സ്വപ്നം കാണാനും, കെട്ടിപ്പിടിക്കാനും, സ്നേഹിക്കാനും, ചിരിക്കാനും, കരയാനും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അറിയുക” – അദ്ദേഹം പറഞ്ഞു.

“ഇന്ന് രാത്രി ഞാൻ നിങ്ങളുടെ മുന്നിൽ സ്വതന്ത്രനായി നിൽക്കുന്നു – പക്ഷേ എന്റെ ഹൃദയം ഇപ്പോഴും തടവിൽ കഴിയുന്ന എല്ലാവരോടുമൊപ്പമാണ്. അവരുടെ ശബ്ദമാകാൻ വേണ്ടിയാണു ഞാൻ ഇവിടെ ആയിരിക്കുന്നത്. സംസാരിക്കാനോ, നിലവിളിക്കാനോ, സഹായം ചോദിക്കാനോ കഴിയാത്തവരുടെ ശബ്ദമാണിത്.”

വരാനിരിക്കുന്ന പെസഹാ അവധിക്കാലത്തെക്കുറിച്ചും മോചിപ്പിക്കപ്പെട്ടവരിൽ ഒരാളായ ആൽബാഗ് സംസാരിച്ചു. “പെസഹാ ആഴ്ച അടുത്തിരിക്കുന്നു- സ്വാതന്ത്ര്യത്തിന്റെ ദിനങ്ങളാണ് അവ. എന്നാൽ 59 പേർ ഇപ്പോഴും ഹമാസിന്റെ നരകത്തിൽ കുടുങ്ങിക്കിടക്കുമ്പോൾ എന്ത് സ്വാതന്ത്ര്യമാണുള്ളത്?”ആൽബാഗ് ചോദിക്കുന്നു.

ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന ബന്ദികളെ കുറിച്ച് സംസാരിക്കുമ്പോൾ അവർ പറഞ്ഞു. “ഇരുണ്ട തുരങ്കങ്ങളിൽ, ഭക്ഷണമോ വെള്ളമോ ഇല്ലാതെ, ഒറ്റയ്ക്ക്, നിസ്സഹായരായി, ഒരു നാളെയുണ്ടോ എന്ന് അറിയാതെ അവർ ആയിരിക്കുന്നു.”

തന്റെ പ്രസംഗത്തിന്റെ അവസാനം, സമഗ്രമായ ഒരു കരാറിന് സമ്മതിക്കാൻ അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. “ബന്ദികൾ തിരിച്ചുവരണം – ഇപ്പോൾ! അവിടുത്തെ അവസ്ഥ അസഹനീയമാണ്. അവർക്ക് അവിടെ അധികനേരം പിടിച്ചുനിൽക്കാൻ കഴിയില്ല! എല്ലാവരെയും ഇപ്പോൾ തന്നെ മോചിപ്പിക്കാൻ ഞാൻ ആവശ്യപ്പെടുന്നു.” തടവിൽ കഴിഞ്ഞപ്പോൾ അനുഭവിച്ച യാതനകൾ ഇപ്പോഴും അവരെ വേട്ടയാടുന്നു എന്നതിന് തെളിവാണ് ഇവരുടെ ഈ വാക്കുകൾ.

യുദ്ധം അവസാനിക്കാനും തങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരാനും അവർ ആഗ്രഹിക്കുന്നു. സമാധാനത്തിന്റെയും പ്രതീക്ഷയുടെയും നാളുകൾക്കായി ഒരുപോലെ കാത്തിരിക്കുകയാണ് ഇസ്രയേലും ലോകം മുഴുവനും.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.