വിശുദ്ധ നാടിനോടുള്ള ആദരവായി ഈ വർഷത്തെ വത്തിക്കാൻ നേറ്റിവിറ്റി രംഗങ്ങൾ

ഈ വർഷത്തെ തിരുപ്പിറവിയുടെ കാഴ്ചകൾ പ്രത്യേകമായി സമർപ്പിച്ചിരിക്കുന്നത് വിശുദ്ധ നാടിനോടുള്ള ആദരവായിട്ടെന്ന് വത്തിക്കാൻ. ഡിസംബർ ഏഴിന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പരിശുദ്ധ സിംഹാസനത്തിനും മറ്റ് പ്രതിനിധിസംഘങ്ങൾക്കും മുമ്പാകെ പലസ്തീൻ സ്റ്റേറ്റ് എംബസിയുടെ പ്രാതിനിധ്യവും ഉണ്ടായിരിക്കും. ഫ്രാൻസിസ് മാർപാപ്പയാണ് ‘നേറ്റിവിറ്റി ഓഫ് ബെത്‌ലഹേം 2024’ ഉദ്‌ഘാടനം ചെയ്യുന്നത്.

ബെത്‌ലഹേമിൽ നിന്നുള്ള പ്രാദേശിക കരകൗശല വിദഗ്ദ്ധരായ ജോണി ആൻഡോണിയ, ഫാറ്റൻ നസ്താസ് മിത്വാസി എന്നിവർ ചേർന്നു നിർമിച്ച ക്രിസ്തുമസ് നേറ്റിവിറ്റി രംഗങ്ങളിൽ രക്ഷകന്റെ അവതാരം, ജനനം, ജീവിതം, മരണം, പുനരുത്ഥാനം എന്നിവ ആവിഷ്കരിച്ചിട്ടുണ്ട്. മൂന്നു മീറ്റർ ഉയരമുള്ള ഒരു പ്രധാന ഘടനയാണിത്. പ്രാദേശിക കരകൗശല വിദഗ്ദ്ധരുടെ, നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങൾ ഈ സമകാലിക ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഈ വർഷം സെന്റ് പീറ്റേഴ്സ് സ്ക്വയറിലാണ് നേറ്റിവിറ്റി രംഗങ്ങൾ സ്ഥാപിക്കുന്നത്. സന്നദ്ധപ്രവർത്തകരും പ്രൊഫഷണലുകളും കലാകാരന്മാരും ചേർന്ന നാൽപതോളം പേരാണ് നേറ്റിവിറ്റി രംഗം നിർമിച്ചത്. ഇറ്റാലിയൻ പട്ടണമായ ട്രെന്റിനോയിലെ ലെഡ്രോയിൽ നിന്നാണ് വത്തിക്കാൻ ഈ വർഷം സ്ഥാപിക്കുന്ന ക്രിസ്തുമസ് ട്രീ കൊണ്ടുവരുന്നത്. 29 മീറ്റർ ഉയരമുള്ള ഗാംഭീര്യമുള്ള സരളവൃക്ഷമാണിത്.

കർദിനാൾ ഫെർണാണ്ടോ വെർഗസ് അൽസാഗയുടെയും വത്തിക്കാൻ സിറ്റി ഗവൺമെന്റ് പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായ റാഫേല്ല പെട്രിനി എന്നിവരുടെ അധ്യക്ഷതയിൽ ഡിസംബർ ഏഴിന് വൈകുന്നേരം ആറു മണിക്ക് (റോം സമയം) പുൽക്കൂടും ക്രിസ്തുമസ് ട്രീയും പ്രകാശിക്കും. 2025 ജനുവരി 12 ഞായറാഴ്‌ച, ദനഹാ തിരുനാളിനോട് അനുബന്ധിച്ചുള്ള ക്രിസ്‌മസ് സീസണിന്റെ സമാപനം വരെ അവ പ്രദർശനത്തിനു വയ്ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.