ഇത്തവണത്തെ ആഗോള യുവജനസമ്മേളനത്തിൽ പോർച്ചുഗലിലെ ലിസ്ബൺ സാക്ഷ്യം വഹിച്ചത് നിരവധി അവിസ്മരണീയ മുഹൂർത്തങ്ങൾക്കാണ്. അതിലൊന്നാണ് ലോക യുവജനസമ്മേളനത്തിൽ ആഗസ്റ്റ് നാലിന് ഫ്രാൻസിസ് മാർപാപ്പ യുവജനങ്ങളെ കുമ്പസാരിപ്പിച്ചത്. മാർപാപ്പയുടെ അടുത്ത് കുമ്പസാരിക്കാൻ പോകാനുള്ള അനുവാദം ലഭിച്ച യുവാക്കളിൽ ഒരാളാണ് 21-കാരനായ സ്പെയിൻകാരൻ ഫ്രാൻസിസ്കോ വെലാർഡെ.
“എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. എന്നാൽ മനസ്സ് സമാധാനത്തിലാണ്. എന്നെ ഏറ്റവും വേദനിപ്പിച്ചിരുന്ന പാപങ്ങൾ ഞാൻ ഏറ്റുപറഞ്ഞു” – ഫ്രാൻസിസ്കോ പറയുന്നു. സ്‌പെയിനിലെ കോർഡോബ നഗരത്തിൽ നിന്നുള്ള ഫ്രാന്സിസ്കോയ്ക്ക് ഒരുമാസം മുമ്പാണ് ഈ അവിസ്മരണീയ സംഭവത്തിന്റെ വാർത്ത ലഭിച്ചത്. ആത്മപരിശോധന ചെയ്ത് തയാറാകാൻ, തന്റെ പാപാവസ്ഥകളെ ഒരു നോട്ട്ബുക്കിൽ എഴുതാൻ തുടങ്ങി. ഞങ്ങൾക്ക് കൂടുതൽ സമയമില്ല; ഏകദേശം 10 അല്ലെങ്കിൽ 15 മിനിറ്റ്. ഞാൻ ഏറ്റുപറയാൻ ആഗ്രഹിച്ച പാപങ്ങൾ സംഗ്രഹിച്ചു. ഇന്നലെ രാത്രിവരെ എനിക്ക് ഉറങ്ങാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഞാൻ പറയാൻ ആഗ്രഹിച്ചതെല്ലാം ലളിതമായി പറയാനും പരിശുദ്ധ പിതാവിനോട് മനസ്സ് തുറക്കാനും ഈ കുമ്പസാരം എന്നെ വളരെയധികം സഹായിച്ചു” – ഫ്രാൻസിസ്‌കോ വെളിപ്പെടുത്തുന്നു.
“ഇത് എന്റെ ജീവിതത്തിലെ ഏറ്റുപറച്ചിലായിരുന്നു. മുൻപും കുമ്പസാരിച്ചിട്ടുണ്ടെങ്കിലും ഈ അവസരം ജീവിതത്തിലെ ഒരു അസുലഭ ഭാഗ്യമായി ഞാൻ കണക്കാക്കുന്നു. ധീരനായിരിക്കാനും ബുദ്ധിമുട്ടുള്ളപ്പോഴും സ്നേഹിക്കാനും പാപ്പാ എന്നോട് ആഹ്വാനം ചെയ്തു. ധീരനായിരിക്കുന്നതിന്റെ സന്തോഷം, ക്രിസ്തുവിനെ അനുഗമിക്കാനുള്ള ധൈര്യം ഇവ നിലനിർത്താനും പരിശുദ്ധ പിതാവ് എന്നെ ക്ഷണിച്ചു” – അദ്ദേഹം വെളിപ്പെടുത്തുന്നു.