
വടക്കൻ സുമാത്രയിലെ ടോബ തടാകത്തിന് സമീപമുള്ള സിബിയാബിയ കുന്നിൽ 61 മീറ്റർ ഉയരത്തിൽ നിൽക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ‘ജീസസ് ക്രൈസ്റ്റ് ദി സേവ്യർ’ രൂപം അനാച്ഛാദനം ചെയ്തു. ബ്രസീലിലെ റിയോ ഡി ജനീറോയിലെ വിഖ്യാതമായ ക്രൈസ്റ്റ് ദി റിഡീമർ രൂപത്തെക്കാളും 20 മീറ്റർ ഉയരക്കൂടുതൽ ഉണ്ട് ഈ രൂപത്തിന്.
സെപ്തംബർ 19 ന് ഇന്തോനേഷ്യൻ ബിഷപ്പ്സ് കോൺഫറൻസ് പ്രസിഡന്റെ അന്റോണിയസ് സുബിയാന്റോ ബഞ്ചമിൻ പ്രതിമ ഉദ്ഘാടനം ചെയ്തു. എന്നാൽ ഈ രൂപത്തെ കൂടുതൽ സവിശേഷമാക്കുന്നത് ഫ്രാൻസിസ് മാർപാപ്പ അടുത്തിടെ നടത്തിയ ഇന്തോനേഷ്യൻ സന്ദർശന വേളയിൽ ഇത് അനുഗ്രഹിച്ചു എന്നതാണ്. യേശുവിന്റെ അനന്തമായ സ്‌നേഹം ഉയർത്തിക്കാട്ടി ഫ്രാൻസിസ് മാർപാപ്പയും രൂപത്തിന് കീഴിൽ ആലേഖനം ചെയ്ത പ്രാർഥനയിൽ ഒപ്പുവച്ചു.
“ഈ കുന്ന് ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടതാണ്. ഇത് ആളുകളുടെ വിശ്വാസം ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.” ബിഷപ്പ് ബഞ്ചമിൻ പറയുന്നു. കപ്പൂച്ചിൻ ആർച്ച് ബിഷപ്പ് കൊർണേലിയസ് സിപായുങ് സൂചിപ്പിച്ചതുപോലെ, പ്രതിമയുടെ തുറന്ന കൈകൾ യേശു എല്ലാവരേയും സ്നേഹത്തോടെ സ്വീകരിക്കുന്നതിനെ പ്രതീകപ്പെടുത്തുന്നു.
ക്രിസ്ത്യൻ ജനസംഖ്യ കൂടുതലുള്ള വടക്കൻ സുമാത്രയിൽ സ്ഥിതി ചെയ്യുന്ന ഈ രൂപം പ്രത്യാശയുടെയും വിശ്വാസത്തിന്റെയും വെളിച്ചമാണ്. 1.1 ദശലക്ഷം കത്തോലിക്കരും 4.01 ദശലക്ഷം പ്രൊട്ടസ്റ്റന്റുകാരും നോർത്ത് സുമാത്രയിൽ ഉണ്ട്. മുസ്ളീം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ.