ഗ്വാഡലൂപ്പെ മാതാവിന്റെ ലോകത്തിലെ ഏറ്റവും വലിയ ശിൽപം

പരിശുദ്ധ മറിയത്തിന്റെ, ലോകത്തിലെ ഏറ്റവും വലിയ ശിൽപം മെക്സിക്കോയിലെ ഗ്വാഡലൂപ്പെയിലാണ് സ്ഥിതിചെയ്യുന്നത്. മെക്‌സിക്കോ സിറ്റിയിൽനിന്ന് 96 കിലോമീറ്റർ അകലെയുള്ള അഹ്യൂഹൂട്ടെയിലെ ഒക്യുലാനിലുള്ള തീർഥാടനകേന്ദ്രത്തിലാണ് ഈ ശിൽപം സ്ഥാപിച്ചിരിക്കുന്നത്. വെങ്കലത്തിൽ തീർത്ത ഈ ശിൽപത്തിന് 110 ടൺ ഭാരവും 33 മീറ്റർ ഉയരവും 11 മീറ്റർ വീതിയുമുണ്ട്.

മെക്‌സിക്കൻ ശിൽപിയായ വിക്ടർ ഗുട്ടിറസ് ആണ് ഈ ശിൽപത്തിന്റെ നിർമാതാവ്. 2017 ൽ പണി പൂർത്തിയാക്കിയ മാതാവിന്റെ ഈ രൂപം വിശ്വാസികൾക്കായി സമർപ്പിച്ചു. 2016 ഫെബ്രുവരിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ മെക്‌സിക്കോ സന്ദർശനവേളയിൽ കുർബാനയ്‌ക്ക് ഉപയോഗിച്ച മെറ്റീരിയലിന്റെ ഭാഗങ്ങൾ കൊണ്ടാണ് ഗ്വാഡലൂപ്പെ മാതാവിന്റെ അടുത്തെത്താനുള്ള വഴിയിലെ കവാടം നിർമിച്ചിരിക്കുന്നത്.

തീർഥാടനം പ്രധാന ലക്ഷ്യമാക്കിക്കൊണ്ടു തന്നെയാണ് ഈ ശിൽപം നിർമിച്ചിട്ടുള്ളത്. അമേരിക്കയിലും മറ്റു പലയിടങ്ങളിലുമായി ഗ്വാഡലൂപ്പെ മാതാവിന്റെ പല ശിൽപങ്ങളുണ്ടെങ്കിലും മെക്സിക്കോയിലെ ശിൽപമാണ് ഏറ്റവും വലുതും ലോകശ്രദ്ധ നേടിയതുമായ ശിൽപം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.