‘ലോകം ഞങ്ങളെ തോൽപ്പിച്ചുകളഞ്ഞു’: കൊല്ലപ്പെട്ട ഇസ്രായേൽ-അമേരിക്കൻ ബന്ദികളുടെ മാതാപിതാക്കൾ

“ലോക നേതാക്കൾ ഒരുവേദിയിൽ ഒരുമിച്ചെത്തുകയും ബന്ദികളെ മോചിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് ഞങ്ങൾ കണ്ടിട്ടില്ല. ലോകം നമ്മെ പരാജയപ്പെടുത്തി. ഹെർഷ് ഉൾപ്പെടെ ഈ ബന്ദികളിൽ പലരെയും ലോകം തോൽപ്പിച്ചുകളഞ്ഞു”- ഓഗസ്റ്റിൽ ഗാസയിൽ ഹമാസ് തീവ്രവാദികൾ കൊലപ്പെടുത്തിയ ഇസ്രായേലി-അമേരിക്കക്കാരനായ ഹെർഷ് ഗോൾഡ്ബെർഗ്-പോളിന്റെ മാതാപിതാക്കൾ ഏറെ വേദനയോടെ സംസാരിക്കുകയാണ്. അവരുടെ വാക്കുകളിൽ തങ്ങളുടെ മകനെ നഷ്ട്ടപ്പെട്ട വേദനയും ഒപ്പം, ഇനി ഒരു കുടുംബത്തിനും ഇപ്രകാരം ഒരു അവസ്ഥയുണ്ടാകരുത് എന്ന അഭ്യർഥനയുമുണ്ട്.

ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാൻ ലോക നേതാക്കൾ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ മറ്റ് കുടുംബങ്ങൾക്കും ഞങ്ങൾക്ക് ലഭിച്ചതുപോലെ ദുഖകരമായ വാർത്ത ലഭിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നുവെന്നും ഈ മാതാപിതാക്കൾ പറയുന്നു. ഹമാസ് കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഗാസയ്ക്ക് കീഴിലുള്ള തുരങ്കങ്ങളിൽ ഇസ്രായേൽ സൈന്യം കണ്ടെത്തിയ ആറ് ബന്ദികളിൽ ഒരാളായിരുന്നു ഗോൾഡ്ബെർഗ്-പോളിൻ.

സൈനിക സമ്മർദം വർദ്ധിക്കുന്നതിനാൽ ഹമാസ് ബന്ദികളെ വധിക്കുമെന്ന് താനും ഭാര്യയും ആശങ്ക പ്രകടിപ്പിച്ചപ്പോൾ, അത്തരമൊരു ഫലം സാധ്യമല്ലെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ തങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നതായി പിതാവ് പോളിൻ പറയുന്നു. കൊല്ലപ്പെട്ട മറ്റു രണ്ട് ബന്ദികൾക്കൊപ്പം, ഗോൾഡ്ബെർഗ്-പോളിനും വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ മോചിപ്പിക്കപ്പെടുമെന്ന് ഈ മാതാപിതാക്കൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിരുദ്ധമായി കരാറിലെത്തുന്നത് നീണ്ടുപോകുകയും ബന്ദികൾ കൊല്ലപ്പെടുകയുമായിരുന്നു.

“ഞങ്ങൾ അതിനെക്കുറിച്ച് അൽപ്പം ആശങ്കാകുലരായിരുന്നു. ഞങ്ങൾ ഹെർഷിനെ വീട്ടിലേക്ക് എത്തിക്കാൻ പോകുന്നുവെന്ന ഞങ്ങളുടെ എല്ലാ ശുഭാപ്തിവിശ്വാസത്തിനും ഇടയിൽ ഇത് ഈ രീതിയിൽ അവസാനിക്കുമോ എന്ന കാര്യത്തിൽ ഞങ്ങളുടെ മനസ്സിൽ ചില സംശയങ്ങളുണ്ടായിരുന്നു. മറ്റുള്ളവരെ ഉടൻ രക്ഷിച്ചില്ലെങ്കിൽ, ഞങ്ങൾക്ക് ലഭിച്ച ഭയാനകമായ വാർത്ത മറ്റു കുടുംബങ്ങൾക്കും ലഭിക്കുമെന്ന് ഞാൻ ആശങ്കപ്പെടുന്നു”- അദ്ദേഹം പറയുന്നു.

ബന്ധുക്കളുടെ തിരിച്ചുവരവ് ഉറപ്പാക്കാൻ ഒരു കരാർ തേടാൻ നെതന്യാഹുവിനെ പ്രേരിപ്പിച്ച ബന്ദി കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ ശബ്ദമുയർത്തിയവരിൽ ഒരാളാണ് ഗോൾഡ്ബെർഗ്-പോളിന്റെ മാതാപിതാക്കൾ. ബന്ദികളുടെ കേസ് അന്വേഷിക്കാൻ അവർ വാഷിംഗ്ടണിലെ ഉന്നത യു. എസ്.  ഉദ്യോഗസ്ഥരുമായി പതിവായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

തെക്കൻ ഇസ്രായേലിലെ നോവ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുത്ത നൂറുകണക്കിന് ചെറുപ്പക്കാരിൽ ഒരാളായിരുന്നു ഗോൾഡ്ബെർഗ്-പോളിൻ, ഒക്ടോബർ ഏഴിന് ഹമാസ് അപ്രതീക്ഷിത ആക്രമണങ്ങൾ നടത്തിയ ദിവസം 1,200 ലധികം ആളുകൾ കൊല്ലപ്പെടുകയും 250-ഓളം പേരെ ബന്ദികളാക്കുകയും ചെയ്തു. അപ്രകാരം ബന്ദികളാക്കിയവരിൽ ഈ ചെറുപ്പക്കാരനും ഉണ്ടായിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.