ഉക്രൈൻ ജനത പ്രത്യാശയുള്ളവരാണ്: ബിഷപ്പ് സൊബിലൊ

റഷ്യൻ ആക്രമണം നീളുന്നതിനിടയിലും ഉക്രൈൻ ജനത പ്രത്യാശയുള്ളവരാണ് എന്ന് കാർക്കീവ് – സെപൊറിഷ്യയിലെ സഹായമെത്രാൻ ജാൻ സൊബിലൊ. ഉക്രൈനിൽ റഷ്യ അധിനിവേശം ആരംഭിച്ചിട്ട് ഫെബ്രുവരി 24 ന് മൂന്നുവർഷം തികയുകയാണ്. ഈ അവസരത്തിലാണ് ബിഷപ്പ് സൊബിലൊ യുദ്ധത്തിന്റെ കെടുതികൾ വേഗം അവസാനിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചത്.

വത്തിക്കാന്റെയും മറ്റു രാജ്യങ്ങളുടെയും സാമ്പത്തിക സഹായത്താൽ ഉക്രൈനിലെ കത്തോലിക്ക സഭ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നുണ്ട്. ഫ്രാൻസിസ് പാപ്പയുടെ പ്രത്യേകമായ ശ്രദ്ധയും കരുതലും ഉക്രൈൻകാർക്കൊപ്പമുണ്ടെന്നും ഉക്രൈനിൽ സമാധാനം സ്ഥാപിക്കാനുള്ള വത്തിക്കാന്റെ ഇടപെടലുകളും അമേരിക്കയിൽ പുതിയതായി അധികാരത്തിലെത്തിയ ട്രംപ് ഭരണകൂടവും പ്രത്യാശയെ ജ്വലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

രാത്രികാലങ്ങളിലാണ് റഷ്യൻ ആക്രമണം കൂടുതലായി നടക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തിൽ സെപൊറിഷ്യ പ്രദേശങ്ങളിൽ വളരെ ശക്തമായ ആക്രമണമാണ് റഷ്യ നടത്തിയത്. യുനെസ്കോ പട്ടികയിൽ ഉൾപ്പെട്ട ചരിത്രപ്രാധാന്യമുള്ള ഒഡേസ്സ നഗരത്തിൽ ജനുവരി 31 ന് കനത്ത മിസൈൽ ആക്രമണമുണ്ടായി. പ്രസിദ്ധമായ ബ്രിസ്റ്റൽ ഹോട്ടലിന് സാരമായ കേടുപാടുകൾ സംഭവിച്ചു.

“തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാകുന്ന സാഹചര്യമാണ് ഉക്രൈനിൽ. വത്തിക്കാന്റെയും മറ്റും സഹായത്താൽ ആഴ്ചയിൽ മൂന്നുദിവസം ആളുകൾക്ക് ബ്രെഡ് വിതരണം നടത്തുന്നുണ്ട്. ചില ദിവസങ്ങളിൽ 1500 ലധികം പേരാണ് അതിനായി കാത്തുനിൽക്കുന്നത്” – ബിഷപ്പ് സോബിലോ പറയുന്നു.

വളരെ ദുരിതപൂർണ്ണമായ പശ്ചാത്തലത്തിലും യുവജനങ്ങളിൽ പ്രത്യാശ ജ്വലിപ്പിക്കാനായി സഭ നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. ഫെബ്രുവരി ഒന്നാം തീയതി ഫ്രാൻസിസ് പാപ്പ അവിടത്തെ യുവജനങ്ങളുമായി ഒൺലൈൻ കൂടിക്കാഴ്ച നടത്തി. വിവിധ സ്ഥലങ്ങളിൽ നിന്നും ഉക്രൈൻ യുവജനങ്ങൾ പാപ്പയോട് തങ്ങളുടെ ആശങ്കകൾ പങ്കുവച്ചു. അവർക്ക് പ്രത്യാശയുടെ സന്ദേശം നൽകിയ പാപ്പ, ദൈവസ്നേഹവും രാജ്യസ്നേഹവും ഒരുമിച്ചു കൊണ്ടുപോകാൻ ആഹ്വാനം ചെയ്തു.

പാപ്പയുമായുള്ള കൂടിക്കാഴ്ച വളരെയധികം പ്രത്യാശാജനകമായിരുന്നുവെന്നും ഉക്രൈനിലെ ജനത്തോടുള്ള വത്തിക്കാന്റെയും മറ്റും ഐക്യദാർഢ്യമാണ് തങ്ങളെ പ്രതീക്ഷയുള്ളവരാക്കുന്നതെന്നും ഒ എസ് വി ന്യൂസിനു നൽയ അഭിമുഖത്തിൽ ബിഷപ്പ് ജാൻ സൊബിലോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.