ആയുധങ്ങളുടെ ശബ്ദം സംഭാഷണത്തിനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നു: ഫ്രാൻസിസ് പാപ്പാ

ആയുധങ്ങളുടെ ഗർജ്ജനം സംഭാഷണോദ്യമങ്ങളെ മുക്കിക്കളയുന്നുവെന്നും നിയമത്തിന്റെ ശക്തിയുടെമേൽ ബലത്തിന്റെ നിയമം പ്രബലപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ചൂണ്ടിക്കാട്ടി ഫ്രാൻസിസ് പാപ്പാ. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണത്തിരുന്നാൾ ദിനത്തിൽ വത്തിക്കാനിൽ നയിച്ച മധ്യാഹ്നപ്രാർത്ഥനയ്ക്കു ശേഷമാണ് ഫ്രാൻസിസ് പാപ്പാ ഈ കാര്യം ചൂണ്ടിക്കാട്ടിയത്.

“ഇന്ന് ലോകത്തിൽ യുദ്ധങ്ങൾ നിരവധിയാണ്. ആയുധങ്ങളുടെ ഉപയോഗവും അവയുടെ ഗർജ്ജനവും സമാധാനത്തിനായുള്ള സംഭാഷണത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുന്നു. എങ്കിലും നിരാശരാകാതെ പ്രത്യാശയോടെ പ്രാർഥനയിൽ നമുക്ക് മുന്നേറാം” – പാപ്പാ സന്ദേശത്തിൽ വ്യക്തമാക്കി. യുദ്ധം പിച്ചിച്ചീന്തുന്ന ഉക്രൈനിലും ലോകത്തിന്റെ ഇതരഭാഗങ്ങളിലും സമാധാനം ഉണ്ടാകുന്നതിനായി സ്വർഗാരോപിതനാഥയോട് പ്രാർഥിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.

നിരവധി തവണയായി ലോകത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെയും അതിനായുള്ള സംഭാഷണങ്ങളെയും ഫ്രാൻസിസ് പാപ്പാ പ്രോത്സാഹിപ്പിക്കുന്നു. സമാധാനത്തിന്റെ നിലനിൽപ്പിനായി പ്രാർഥിക്കാൻ പാപ്പാ വിശ്വാസികളോട് ആവശ്യപ്പെടുന്നതും ആവർത്തിക്കപ്പെടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.