2025 ഫെബ്രുവരി 8ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെയും എക്യുമെനിക്കല്‍ ദൈവാലയത്തിന്റെയും റൂബി ജൂബിലി ആഘോഷ സമാപനത്തോടനുബന്ധിച്ചുള്ള ക്രൈസ്തവ സഭാ നേതൃസമ്മേളനം അംഗീകരിച്ച ക്രൈസ്തവ സഭകളുടെ സാമൂഹിക പ്രതിബദ്ധത

പ്രമേയം 

മിശിഹായുടെ അപ്പസ്തോലനും വിശ്വാസത്തിന്റെ കാവല്‍പിതാവുമായ മാര്‍ത്തോമ്മാ ശ്ലീഹായിലൂടെ പങ്കുവെച്ച ക്രിസ്തീയ മാര്‍ഗ്ഗത്തെ അനുധാവനം ചെയ്ത് നിറഞ്ഞു പ്രകാശിക്കുന്ന നസ്രാണി സമൂഹത്തിന്റെ ഈ സമ്മേളനം ക്രൈസ്തവ കൂട്ടായ്മയുടെ ചരിത്രത്തില്‍ പുത്തനദ്ധ്യായം എഴുതിച്ചേര്‍ക്കുന്നു. വിശ്വാസത്തില്‍ ക്രിസ്തീയവും സംസ്‌കാരത്തില്‍ ഭാരതീയവും ആരാധനക്രമത്തില്‍ പൗരസ്ത്യ പാരമ്പര്യവും സ്വീകരിച്ച് ഒരേ വിശ്വാസ പൈതൃകവും ജീവിത ശൈലിയും തലമുറകളായി കൈമാറിയ ക്രൈസ്തവ സമൂഹമെന്ന നിലയില്‍ എല്ലാവരും ഒന്നാകണം എന്ന നമ്മുടെ കര്‍ത്താവിന്റെ തിരുവചനങ്ങള്‍ കൂടുതല്‍ അര്‍ത്ഥവത്താകുന്ന അപൂര്‍വ്വ മുഹൂര്‍ത്തമാണ് ഈ സമ്മേളനം. വിവിധ ക്രൈസ്തവ സഭകള്‍ തമ്മിലും സഭകള്‍ക്കുള്ളിലും കൂടുതല്‍ ഐക്യവും അനുരഞ്ജനവും ഉറപ്പുവരുത്തി ഒരുമയോടെ നീങ്ങേണ്ടതിന്റെ അനിവാര്യതയിലേയ്ക്ക് ഈ സമ്മേളനം ക്രൈസ്തവ വിശ്വാസി സമൂഹത്തിന്റെയൊന്നാകെ ശ്രദ്ധ പ്രത്യേകം ക്ഷണിക്കുന്നു.

ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ചിന്തകള്‍ക്കതീതമായി മനുഷ്യകുലം മുഴുവന്റെയും നന്മയും സമഗ്രവളര്‍ച്ചയും സംരക്ഷണവുമാണ് ക്രൈസ്തവ സഭകളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ അടിസ്ഥാനം. ഈ ലക്ഷ്യസാക്ഷാത്കരണത്തിനുവേണ്ടി ക്രൈസ്തവ സഭാസമൂഹം നടത്തിയ ത്യാഗോജ്വലമായ പരിശ്രമങ്ങളും നിസ്വാര്‍ത്ഥ സംഭാവനകളും ചരിത്രസത്യങ്ങളും നേര്‍രേഖകളുമായി നമ്മുടെ കണ്‍മുമ്പിലുണ്ട്. ആധുനിക ഇന്ത്യയുടെ നിര്‍മ്മിതിയില്‍തന്നെ ഉദാത്തമായ പങ്കുവഹിച്ചവരാണ് ക്രൈസ്തവ സമൂഹം. അന്ധവിശ്വാസങ്ങളും കൊടിയ അനാചാരങ്ങള്‍ക്കുമൊപ്പം പട്ടിണിയും ദാരിദ്ര്യവും ജനജീവിതത്തെ വരിഞ്ഞു മുറുക്കിയ കാലഘട്ടത്തില്‍ അറിവിന്റെയും ആതുരശുശ്രൂഷയുടെയും ആഹാരത്തിന്റെയും വഴികള്‍ തുറന്നുകൊടുത്ത് നവോത്ഥാന മുന്നേറ്റങ്ങള്‍ക്കും സാമൂഹ്യ മാറ്റങ്ങള്‍ക്കും നേതൃത്വം നല്‍കിയവരാണ് ക്രൈസ്തവ മിഷനറിമാരും സഭാസമൂഹങ്ങളും. ഈ നിസ്വാര്‍ത്ഥ സേവനങ്ങളെയും സാമൂഹ്യപ്രതിബദ്ധതയെയും ഞങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു. ഇവരുടെ കഷ്ടപ്പാടിന്റെയും നഷ്ടപ്പെടലിന്റെയും പങ്കുവയ്ക്കലിന്റെയും സമര്‍പ്പണത്തിന്റെയും തുടര്‍ച്ചയാണ് ഇന്ന് നാം അനുഭവിക്കുന്ന നന്മകളിലേറെയും. ആധുനിക കാലഘട്ടങ്ങള്‍ക്കനുസരിച്ചുള്ള സാമൂഹ്യമാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങളുടെ ക്ഷേമത്തിനും ജീവന്റെ സംരക്ഷണത്തിനും നവസമൂഹ നിര്‍മ്മിതിക്കുമുതകുന്ന സാമൂഹ്യ മുന്നേറ്റമാണ് ക്രൈസ്തവ സമൂഹം അനുദിനം തുടരുന്നത്.

ഭരണ രാഷ്ട്രീയ രംഗമുള്‍പ്പെടെ വിവിധ തലങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും ജീവിതത്തിനും സമൂഹത്തിന്റെ സംരക്ഷണത്തിനും വെല്ലുവിളികള്‍ ഉയരുമ്പോള്‍ നിലപാടുകളില്‍ അര്‍ത്ഥശങ്കകളില്ലാതെ, വിമര്‍ശനങ്ങളില്‍ തളരാതെ ശക്തമായി പ്രതികരിക്കുക മാത്രമല്ല അടിയന്തര സാമൂഹ്യ ഇടപെടലുകള്‍ നടത്തുവാനും സഹായ ഹസ്തങ്ങളുമായി മുന്നോട്ടിറങ്ങി ജാതിക്കും മതത്തിനും അതീതമായി സകല ജനങ്ങളെയും ചേര്‍ത്തുപിടിക്കുവാനും ക്രൈസ്തവ സഭകള്‍ക്കാകുന്നത് ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും അതില്‍ നിന്നുരുത്തിരിയുന്ന സാമൂഹ്യപ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണെന്ന് ഈ സമ്മേളനം അവര്‍ത്തിച്ച് വ്യക്തമാക്കുന്നു. പൊതുസമൂഹത്തില്‍ ഉത്തരവാദിത്വപൂര്‍ണ്ണമായ കടമകള്‍ നിര്‍വ്വഹിക്കുന്നവര്‍ എന്ന നിലയില്‍ സമൂഹം നിരന്തരം നേരിടുന്ന ഒട്ടേറെ പ്രതിസന്ധികളും ഒട്ടനവധി ആശങ്കകളും ഈയവസരത്തില്‍ പ്രത്യേകം പങ്കുവെയ്ക്കാന്‍ ഈ സമ്മേളനം നിര്‍ബന്ധിതമാകുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ത്യാഗോജ്വലമായ ക്രൈസ്തവ പങ്കാളിത്തം പ്രത്യേകം അനുസ്മരിക്കുന്നു. വിവിധ സംസ്‌കാരങ്ങളും മതവും ജാതിയും വര്‍ഗ്ഗവും വര്‍ണ്ണവും ഉള്‍ക്കൊണ്ട ഫെഡറല്‍ സംവിധാനമുള്ള ഇന്ത്യന്‍ ഭരണഘടനയില്‍ നാം അഭിമാനിക്കുന്നു. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ബോധപൂര്‍വ്വം നിഷേധിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന വെല്ലുവിളികളും നാമിന്ന് അഭിമുഖീകരിക്കുന്നു. ഭരണഘടനയുടെ വിവിധ മൗലികാവകാശ ആര്‍ട്ടിക്കിളുകളില്‍ ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന നിയമ നിര്‍മ്മാണ പ്രക്രിയകള്‍ ഏറെ ആശങ്കാജനകമാണ്. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളെ അപലപിക്കുന്നതിനോടൊപ്പം അവയ്ക്ക് അവസാനമുണ്ടാക്കുവാനുള്ള സത്വരനടപടികളുണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

മത-ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥകളെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനങ്ങള്‍ അവസാനിപ്പിക്കണം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുവിഹിതങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന നീക്കങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം. ജെ.ബി.കോശി ക്രൈസ്തവ പഠനറിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടണം. ജനസംഖ്യയില്‍ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ക്രൈസ്തവ, സിഖ്, ബുദ്ധര്‍, ജൈനര്‍, പാഴ്സി എന്നീ 5 മതന്യൂനപക്ഷങ്ങളെ മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിച്ച് പ്രത്യേക ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ നീതി നിഷേധിക്കപ്പെട്ടിരിക്കുന്ന ദളിത് ക്രൈസ്തവരോടുള്ള വിവേചനം അവസാനിപ്പിച്ച് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം.

ജീവന്റെ സംരക്ഷണം ക്രൈസ്തവ സഭകളുടെ എക്കാലത്തെയും വ്യക്തമായ സാമൂഹ്യ ദര്‍ശനമാണ്. മനുഷ്യജീവനുനേരെ നിരന്തരം ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ ശക്തമായ നിലപാട് തുടരുവാന്‍ നാം നിര്‍ബന്ധിതരാകുന്നു. മദ്യവും മയക്കുമരുന്നും യാതൊരു നിയന്ത്രണവും നിരോധനവുമില്ലാതെ ലഭ്യമാകുന്ന സംസ്ഥാനമായി കേരളമിന്ന് മാറിയിരിക്കുന്നു. തലമുറകളെ നാശത്തിലേയ്ക്ക് തള്ളിവിടുന്ന ഈ സാമൂഹ്യവിപത്തിനെതിരെ ഇടപെടലുകള്‍ നടത്താന്‍ ഭരണസംവിധാനങ്ങളും ശക്തമായി പ്രതികരിക്കാന്‍ പൊതുസമൂഹവും മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അസത്യവും തിന്മകളും പ്രചരിപ്പിച്ച് ജനങ്ങളെ വഴിതെറ്റിക്കുന്ന സാമൂഹ്യമാധ്യങ്ങളെ നിയന്ത്രിക്കുകയും അതിക്രൂരതയും അക്രമങ്ങളും വില്പനച്ചരക്കുകളാക്കി കൊടിയ സാമൂഹ്യ വിപത്തുകള്‍ക്ക് വഴിമരുന്നിടുന്ന സിനിമകള്‍ നിരോധിക്കപ്പെടുകയും വേണം.

വന്യജീവികള്‍ അനേകം മനുഷ്യരുടെ ജീവനെടുക്കുന്ന അതിക്രൂരത ദിനംതോറും ആവര്‍ത്തിച്ചിട്ടും നിസംഗത പുലര്‍ത്തുന്ന ഭരണ നിയമ സംവിധാനങ്ങളുടെ പരാജയം ജനങ്ങളില്‍ വേദനയും അമര്‍ഷവും സൃഷ്ടിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ട ഭരണാധികാരികള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് ഈ സമ്മേളനം ഓര്‍മ്മിപ്പിക്കുന്നു. പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കപ്പെടണം. ഇവയുടെ സംരക്ഷകര്‍ കര്‍ഷകരാണ്. തനതായ കാര്‍ഷിക സംസ്‌കാരമാണ് കേരളസമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വിത്തുപാകിയത്. കാര്‍ഷികവൃത്തി മനുഷ്യനെ ചേര്‍ത്തുനിര്‍ത്തുന്ന സ്നേഹ സംസ്‌കാരമാണ്. കാര്‍ഷികമേഖലയുടെ തളര്‍ച്ച സൃഷ്ടിക്കുന്ന വലിയ ദുരന്തങ്ങളുടെ ആഘാതം അനേകായിരങ്ങളുടെ ജീവിതമിന്ന് പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇതോടൊപ്പമാണ് പരിസ്ഥിതിലോലം. ബഫര്‍സോണ്‍, വന-വന്യജീവി നിയമങ്ങള്‍, നിമയഭേദഗതികള്‍, പട്ടയപ്രശ്നമുള്‍പ്പെടെ ഒട്ടനവധി ഭൂപ്രശ്നങ്ങള്‍ നാം നേരിടുന്നത്. ചുരുക്കത്തില്‍ പിറന്ന മണ്ണില്‍ ജീവിക്കാനാവാത്ത സ്ഥിതിവിശേഷം ബോധപൂര്‍വ്വം സൃഷ്ടിക്കുന്നത് തിരുത്തപ്പെടണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നതിനോടൊപ്പം മുനമ്പം ജനതയുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.

ജനസംഖ്യാശോഷണവും പുതുതലമുറയുടെ നാടുപേക്ഷിച്ചുള്ള പലായനവും കേരളത്തില്‍ വരുംനാളുകളില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളും ആശങ്കാഭരിതമാണ്. ജനസംഖ്യാശോഷണത്തെ അതിജീവിക്കാന്‍ വിവിധ രാജ്യങ്ങളും ആന്ധ്ര, തമിഴ്നാട്, തെലുങ്കാന സംസ്ഥാനങ്ങളും ജനസംഖ്യാവര്‍ദ്ധനവിനായി പ്രഖ്യാപിച്ചിരിക്കുന്ന ക്ഷേമപദ്ധതികളെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം കേരളവും ഇക്കാര്യത്തില്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

വിദ്യാഭ്യാസം, ആതുരശുശ്രൂഷ, ജീവകാരുണ്യം തുടങ്ങിയ മേഖലകളിലെ ക്രൈസ്തവ സേവനങ്ങളും ശുശ്രൂഷകളും നാടിനേകുന്ന സംഭാവനകളും ഏറെ നിസ്തുലങ്ങളും തലമുറകളുടെ രൂപീകരണത്തിന് കരുത്തേകുന്നതുമാണ്. പ്രാഥമിക ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളും ശക്തീകരണവുമുണ്ടാകണം. വിദ്യാഭ്യാസമേഖലയില്‍ സംജാതമാകുന്ന നിരവധി പ്രശ്‌നങ്ങള്‍ സൗഹാര്‍ദ്ദപരമായി പരിഹരിച്ച് ഈ രംഗത്ത് സമൂലവും സമഗ്രവുമായ പുത്തന്‍ കാഴ്ചപ്പാടുകള്‍ക്കും തുറന്ന ചര്‍ച്ചകള്‍ക്കും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.

സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തെയൊന്നാകെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ക്രൈസ്തവ സഭയുടെ സാമൂഹ്യ പ്രതിബദ്ധത. ഭീകരപ്രസ്ഥാനങ്ങളും തീവ്രവാദസംഘടനകളും വര്‍ഗ്ഗീയ വിഷംചീറ്റലുകളും സമൂഹത്തില്‍ സൃഷ്ടിക്കുന്ന അസ്വസ്തതകളും ഭിന്നതകളും ഏറെ ഭീതിജനകമാണ്. സ്നേഹവും സമാധാനവും പങ്കുവെച്ച് കൂടുതല്‍ ഒരുമയോടുകൂടി പ്രവര്‍ത്തനനിരതരാകുവാനും നാടിന്റെ സമഗ്രവളര്‍ച്ചയ്ക്കും ജനങ്ങളുടെ നന്മയ്ക്കും ക്ഷേമത്തിനും കരുത്തേകുന്ന കര്‍മ്മപദ്ധതികളുമായി അണിചേരാനും ഈ സമ്മേളനം ഏവരെയും ആഹ്വാനം ചെയ്യുന്നു.

അവതാരകന്‍: ബിഷപ് മാര്‍ ജോസ് പുളിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.