കത്തോലിക്കാ ബിഷപ്പുമാരെ നിയമിക്കുന്നതിനായി, ചൈനയുമായുള്ള ചരിത്രപരമായ കരാർ നാലു വർഷത്തേക്കു കൂടി പുതുക്കി വത്തിക്കാൻ. 2028 ഒക്ടോബർ 22 വരെ നീട്ടിക്കൊണ്ടാണ് കരാർ പുതുക്കിയിരിക്കുന്നത്. ഏഴ് കത്തോലിക്കാ ബിഷപ്പുമാരെ തടങ്കലിൽ വച്ചതുൾപ്പെടെ, ചൈനയുടെ മനുഷ്യാവകാശരേഖയും മതസ്വാതന്ത്ര്യലംഘനങ്ങളും സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് ഈ പുതുക്കൽ. 2018 ൽ ഒപ്പുവച്ച കരാർ, മാർപാപ്പയുടെ നേതൃത്വത്തിൽ ചൈനയിലെ കത്തോലിക്ക സഭയെ ഏകീകരിക്കാൻ ലക്ഷ്യമിടുന്നു. ഈ കരാർ ഇതിനകം 10 ബിഷപ്പുമാരുടെ നിയമനത്തിലേക്ക് നയിച്ചിട്ടുണ്ട്.
ഉചിതമായ കൂടിയാലോചനകൾക്കും വിലയിരുത്തലുകൾക്കുംശേഷം താൽക്കാലിക കരാർ നീട്ടാൻ ഇരുകക്ഷികളും സമ്മതിച്ചു. ചൈനയുമായുള്ള ‘ബഹുമാനപൂർവവും ക്രിയാത്മകവുമായ സംഭാഷണത്തിന്റെ പ്രാധാന്യം’ വത്തിക്കാൻ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വിപുലീകരണം സ്ഥിരീകരിച്ചുകൊണ്ട്, ഇരുപക്ഷവും സമ്പർക്കവും സംഭാഷണവും ക്രിയാത്മകമനോഭാവത്തിൽ നിലനിർത്തുമെന്ന് പ്രസ്താവിച്ചു.
ചൈനയുമായുള്ള ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ സംതൃപ്തി രേഖപ്പെടുത്തി. വെല്ലുവിളികൾക്കിടയിലും ഉടമ്പടിയുടെ പുതുക്കൽ പരിശുദ്ധ സിംഹാസനവും ബെയ്ജിംഗും തമ്മിലുള്ള വികസിച്ചുകൊണ്ടിരിക്കുന്ന ബന്ധത്തിന്റെ മറ്റൊരു ചുവടുവയ്പ്പാണ് അടയാളപ്പെടുത്തുന്നത്.