നൈജീരിയയിൽ തീവ്രവാദികളിൽനിന്നും രക്ഷപെട്ടവർ തുടർന്ന് അനുഭവിക്കേണ്ടിവരുന്ന മാനസികപീഡനങ്ങൾ

ക്രിസ്ത്യാനി ആയതിന്റെ പേരിൽ സ്ത്രീകളും കുട്ടികളും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്ന രാജ്യമാണ് നൈജീരിയ. ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന ഒരേയൊരു കാരണത്താൽ അവർ നിരന്തരം പ്രതിസന്ധികൾ നേരിടുന്നു, തട്ടിക്കൊണ്ടുപോകലുകൾക്കും വിവിധ ചൂഷണങ്ങൾക്കും ഇരയാകുന്നു. ഇപ്രകാരം 2018 ൽ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ക്രിസ്ത്യാനിയും നഴ്സുമായ ഒരു സ്ത്രീയാണ് ആലീസ് ലോക്ഷക്ക്. തന്നെ ബന്ദികളാക്കിയവരിൽനിന്നു രക്ഷപെടാൻ ഇവർക്ക് കഴിഞ്ഞുവെങ്കിലും തിരിച്ചുവന്ന അവരെ കാത്തിരുന്നത് അത്ര നല്ല അനുഭവമായിരുന്നില്ല. തുടർന്നു വായിക്കുക.

ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുടെ (ISWAP) മാരകമായ ആക്രമണത്തിൽ തട്ടിക്കൊണ്ടുപോകപ്പെട്ട സ്ത്രീയാണ് ആലീസ്. ഒരുകാലത്ത് ബൊക്കോ ഹറാമിന്റെ ഭാഗമായിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ 2016 ലെ പിളർപ്പിനുശേഷം ഒരു ഭീകരസംഘടനയായി മാറി. നൈജീരിയയിലെ ഒരു ഡിസ്‌പ്ലേസ്‌മെന്റ് ക്യാമ്പിൽ യുനിസെഫിൽ നഴ്‌സായി ജോലിചെയ്യുന്നതിനിടെയാണ് ആലീസ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിൽ (ICRC) ജോലിചെയ്തിരുന്ന മറ്റു രണ്ട് നൈജീരിയൻ നഴ്സ്‌മാർക്കൊപ്പമാണ് ആലീസിനെയും തട്ടികൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവർ പുറത്തുവിട്ട ഒരു വീഡിയോയിൽ, കൂടെയുണ്ടായിരുന്ന ആ രണ്ടുപേർ കൊല്ലപ്പെട്ടുവെന്ന് ഭീകരർ വെളിപ്പെടുത്തി. “അവർ ‘അന്താരാഷ്ട്ര ഏജൻസികളിൽ ജോലിചെയ്യുന്നതിന്റെ അനന്തരഫലങ്ങൾ’ അറിയേണ്ട മുസ്ലീങ്ങളായതിനാലാണ് അവരെ കൊലപ്പെടുത്തിയത്” – ബിസിനസ് ഡേ നൈജീരിയ റിപ്പോർട്ട് ചെയ്യുന്നു.

‘ക്രിസ്ത്യാനി ആയതിനാൽ’ ആലീസിനെ അവർ കൊലപ്പെടുത്തിയില്ല. പകരം വിവാഹം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നു എന്ന് വീഡിയോയിൽ പറയുന്നു. എന്നാൽ, 42 കാരിയായ ആലീസിന് രക്ഷപെടുന്നതിനുമുമ്പ് ഭീകരസംഘടനയിലെ രണ്ട് കമാൻഡർമാരെ വിവാഹം കഴിക്കേണ്ടിവന്നു. സ്വന്തം ജീവൻ രക്ഷപെടുത്താൻവേണ്ടിയാണ് അവർക്ക് അങ്ങനെ ചെയ്യേണ്ടിവന്നത്. ആദ്യത്തെ നിർബന്ധിത വിവാഹത്തിൽ ആലീസിന് ഒരു മകനുണ്ട്; അമ്മയോടൊപ്പം രക്ഷപെട്ടവരിൽ അവനും ഉൾപ്പെടുന്നു.

വളരെ ഗുരുതരമായ സാഹചര്യം

2018 ൽ ഭീകരർ ആലീസിനെ പിടികൂടുമ്പോൾ അവൾ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായിരുന്നു. എന്നാൽ, ആലീസിനെ തട്ടിക്കൊണ്ടുപോയതിനുശേഷം അവളുടെ ഭർത്താവ് വീണ്ടും വിവാഹം കഴിച്ചു; ഇതിനകം അവൾ മരിച്ചുവെന്നു കരുതിയാണിത്. എന്നാൽ, ആലീസ് തിരിച്ച് വീട്ടിലേക്ക് മറ്റൊരു മകനെയും കൊണ്ടുവന്നപ്പോൾ അവൾ അനുഭവിക്കേണ്ടിവന്ന മാനസിക ആഘാതവും ബുദ്ധിമുട്ടുകളും സമൂഹത്തിൽനിന്നുള്ള തിരസ്കരണങ്ങളും ഏറെയാണ്.

ഇപ്രകാരം, തട്ടിക്കൊണ്ടുപോകപ്പെട്ട് വിവാഹം കഴിക്കാൻ നിർബന്ധിതരായ ക്രിസ്ത്യൻ സ്ത്രീകളെ ചുറ്റിപ്പറ്റി ഒരുപാട് നാണക്കേടുകളും അപമാനങ്ങളുമുണ്ട്. ഒടുവിൽ അവർ രക്ഷപെടുകയോ, മക്കളോടൊപ്പം മോചിതരാകുകയോ ചെയ്യുമ്പോൾ അവർ അവരുടെ മുൻകാല ജീവിതത്തിലേക്ക് മടങ്ങിവരുന്നില്ല. പലപ്പോഴും അവർക്ക് അവരുടെ ഭർത്താക്കന്മാരിൽനിന്നു മാത്രമല്ല സമൂഹത്തിൽനിന്നും തിരസ്കരണം നേരിടുന്നു. തങ്ങൾക്ക് മനസ്സറിവില്ലാത്ത കാര്യത്തിന്റെ പേരിലാണ് ഈ മാനസികസംഘർഷങ്ങൾ.

സങ്കീർണ്ണമായ പ്രശ്‌നങ്ങൾ

കഴിഞ്ഞ വർഷം ചിബോക്കിൽ 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത് ദേശീയതലത്തിൽ വലിയ വാർത്തയായിരുന്നു. അതേ തുടർന്ന് നൈജീരിയയിൽ 1,700 ലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു. ഈ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതിനുശേഷം വളരെ ചെറുപ്പത്തിൽതന്നെ നിർബന്ധിച്ച് വിവാഹം കഴിക്കുന്നു. ചിബോക്ക് പെൺകുട്ടികളുടെ കാര്യത്തിൽ, കുറഞ്ഞത് 20 പേരെങ്കിലും ബോക്കോ ഹറാം പോരാളികളുമായി വിവാഹത്തിന് നിർബന്ധിതരായതായി റിപ്പോർട്ടുണ്ട്.

കൂടാതെ, ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് അനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതൽ വിശ്വാസവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകലുകൾ നടക്കുന്ന രാജ്യമാണ് നൈജീരിയ. 2024 ലെ വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ടിംഗ് കാലയളവിൽ, നൈജീരിയയിൽ കുറഞ്ഞത് 3,300 പേരെ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോകപ്പെടുന്ന സ്ത്രീകൾക്ക് മരണം, അടിമത്തം (ലൈംഗികവും ശാരീരികവും) നിർബന്ധിത വിവാഹം എന്നിവ നേരിടേണ്ടിവരുന്നു.

തട്ടിക്കൊണ്ടുപോകലിന് ഇരയായവർ രക്ഷപെടുകയോ, മോചിപ്പിക്കപ്പെടുകയോ ചെയ്‌താലും അവർ വീണ്ടും സമൂഹത്തിൽനിന്നും കടുത്ത അവഗണന നേരിടേണ്ടതായിവരുന്നു. കാരണം അവർ നിർബന്ധിതമായി ഏതെങ്കിലും തീവ്രവാദികളെ വിവാഹം ചെയ്യേണ്ടിവന്നവരാകാം. ഗർഭിണികളോ, ലൈംഗികാതിക്രമത്തിന് ഇരയായവരോ, തീവ്രവാദികളുടെ മക്കളുടെ അമ്മയോ ആകാം. അതിനാൽ ഈ സ്ത്രീകൾക്ക് വീട്ടിൽ അപമാനവും തിരസ്‌കരണവും നേരിടേണ്ടിവരുന്നു.

“ആലീസ് എന്ന സ്ത്രീയും അവരിൽ ഒരാൾ മാത്രമാണ്. ആലീസിനും അവളുടെ മക്കൾക്കും സമൂഹത്തിലേക്ക് തിരികെവരണമെങ്കിൽ വൈകാരികവും ശാരീരികവും ആത്മീയവുമായ പിന്തുണ ആവശ്യമാണ്” – ഓപ്പൺ ഡോർസ് ട്രോമ കെയർ വർക്കർ പറയുന്നു.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.