വിയറ്റ്നാം പ്രസിഡന്റ് വോ വാൻ തുവോങിനെ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ സ്വീകരിച്ചു. ഏകദേശം 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച ജൂലൈ 27-ന് വത്തിക്കാൻ ലൈബ്രറിയിലെ ഒരു സ്വകാര്യസദസ്സിൽ വച്ചാണ് നടന്നതെന്നും തുടർന്ന് വിയറ്റ്നാം പ്രതിനിധികളുമായി മാർപാപ്പ പത്തുമിനിറ്റു കൂടി ചെലവഴിച്ചതായും വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഉഭയകക്ഷി ബന്ധങ്ങളിൽ തുടരാനുള്ള ആഗ്രഹത്തോടെ, വിയറ്റ്നാം സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെയും ഹോളി സീയുടെയും ഗവൺമെന്റും റസിഡന്റ് പൊന്തിഫിക്കൽ പ്രതിനിധിയുടെ നിയമവും സംബന്ധിച്ച ഉടമ്പടി അവസാനിച്ചതായി ഇരുരാജ്യങ്ങളും ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രസിഡന്റ് വോ വാൻ തുവോങ്ങും ഫ്രാൻസിസ് മാർപാപ്പയും പിന്നീട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനുമായി നടത്തിയ ചർച്ചയിൽ വിയറ്റ്നാമും വത്തിക്കാനും തമ്മിലുള്ള ബന്ധത്തിലെ ശ്രദ്ധേയമായ പുരോഗതിക്കും ഏഷ്യൻരാജ്യങ്ങൾ നൽകിയ ക്രിയാത്മകമായ സംഭാവനകൾക്കും ഇരുപക്ഷവും നന്ദി അറിയിച്ചു.
കഴിഞ്ഞ അഞ്ചുവർഷമായി വത്തിക്കാനും വിയറ്റ്നാമും ഉഭയകക്ഷിബന്ധം വികസിപ്പിക്കുന്നതിനും ആഴത്തിലാക്കുന്നതിനുമായി നിരവധി വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗുകൾ നടത്തുന്നു. വിയറ്റ്നാമീസ് രാഷ്ട്രത്തലവനുമായി മാർപാപ്പയുടെ അവസാന കൂടിക്കാഴ്ച നടന്നത് 2016-ൽ അന്നത്തെ പ്രസിഡന്റ് ട്രാൻ ഡീ ക്വാങ്ങുമായി ആയിരുന്നു. വിശുദ്ധ സിംഹാസനത്തിന് വിയറ്റ്നാമിൽ ഒരു പ്രതിനിധിയുണ്ട് – ആർച്ചുബിഷപ്പ് മാരെക് സാലെവ്സ്കി. സിംഗപ്പൂരിലേക്കുള്ള നുൺഷ്യോ കൂടിയായ അദ്ദേഹത്തിന് രാജ്യം സന്ദർശിക്കാൻ വിയറ്റ്നാമീസ് സർക്കാർ അധികാരം നൽകിയിട്ടുണ്ട്.