ലോകം ഭീതിയോടെ കണ്ട കോവിഡ് കാലത്തും ‘ജനങ്ങൾക്കുവേണ്ടിപ്രാർഥിച്ച പാപ്പ’

ഏത് സാഹചര്യത്തിലും ജനങ്ങളുടെ മനസ്സിൽ മാത്രമല്ല ജനങ്ങൾക്കിടയിൽ ജീവിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആ​ഗ്രഹിച്ചിരുന്നു. എല്ലാ ബുധനാഴ്ചകളിലും പൊതുജനങ്ങൾക്കൊപ്പമുള്ള സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ പാപ്പയ്ക്ക് ജനങ്ങളോടുള്ള വാത്സല്യം പ്രകടമായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് വത്തിക്കാനിലെ അപ്പസ്തോലിക് കൊട്ടാരത്തിലെ തന്റെ ഓഫീസിന്റെ ജനാലയ്ക്കരികിൽ ആഞ്ചലൂസ് പ്രാർഥനയ്ക്കായി അദ്ദേഹം പ്രത്യക്ഷപ്പെടുമ്പോഴും ഇതേ വാത്സല്യം തന്നെയായിരുന്നു ദൃശ്യമായിരുന്നത്. മറ്റുള്ളവരുമായി എപ്പോഴും നല്ല രീതിയിൽ ഇടപഴകാനുള്ള പാപ്പയുടെ ആ​ഗ്രഹമാണ് അദ്ദേഹത്തെ 47 അപ്പസ്തോലിക യാത്രകൾ നടത്താൻ പ്രേരിപ്പിച്ചത്. ഈ ആ​ഗ്രഹവും ഇഷ്ടവും കൊണ്ട് മാത്രം പാപ്പ ഭൂമിയുടെ ഏതാണ്ട് എല്ലാ കോണുകളും സന്ദർശിക്കുകയും ചെയ്തു. പക്ഷെ ഇതിനേക്കാളുപരി പാപ്പയുടെ ഈ ആ​ഗ്രഹം കൂടുതൽ കണ്ടത് കോവിഡ് കാലത്തിലാണ്.

ശാരീരിക അകലവും മാസ്കും സാനിറ്റൈസറുമായി ലോകമെങ്ങും അകലം പാലിച്ച ആ ദിനങ്ങളിൽ അദ്ദേഹത്തിന്റെ ആ​രോ​ഗ്യം കണക്കിലെടുത്ത് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ സുരക്ഷിതമായി മാറ്റി നിർത്തിയിരുന്നു. എന്നാൽ അത്തരത്തിൽ എല്ലാവരെയും പോലെ ഒറ്റപ്പെട്ടിരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കുന്ന കോവിഡിനെ ഭയന്ന് വീടുകളിൽ ഒതുങ്ങിക്കൂടിയ വിശ്വാസികളുമായി ബന്ധപ്പെടാൻ അദ്ദേഹം ആധുനിക ആശയവിനിമയ മാർഗങ്ങൾ സ്വീകരിച്ചു.

ഈ ദിനങ്ങളിൽ രാവിലെ 6:00 മണിക്ക്, ഫ്രാൻസിസ് മാർപാപ്പ കാസ സാന്താ മാർട്ടയിലെ തന്റെ വസതിയിലെ ചാപ്പലിൽ ദിവ്യബലി അർപ്പിച്ചു. ഡികാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ (വത്തിക്കാൻ ന്യൂസിന്റെ മാതൃ സംഘടന) സോഷ്യൽ മീഡിയ, ടെലിവിഷൻ, റേഡിയോ എന്നിവയിലൂടെ ലോകമെമ്പാടും ഇത് സംപ്രേഷണം ചെയ്തിരുന്നു. ഓരോ തവണയും അദ്ദേഹം തന്റെ പ്രാർഥനകളിൽ കൊറോണ വൈറസ് ബാധിച്ച സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ളവർക്കുവേണ്ടി പ്രാർഥകൾ നടത്തി. നഴ്‌സുമാർ, ആരോഗ്യ സംരക്ഷണ വിദഗ്ധർ മുതൽ അധ്യാപകർ, തടവുകാർക്കുവേണ്ടിവരെ അദ്ദേഹം പ്രാർഥിച്ചു. ദശലക്ഷക്കണക്കിനാളുകളുടെ വീടുകളിലേക്ക് അദ്ദേഹത്തിന്റെ പ്രാർഥനകൾ എത്തുകയും അവർ ഒറ്റയ്ക്കല്ലെന്ന ഓർമ്മപ്പെടുത്തൽ നൽകാനും ഈ പ്രാർഥനകൾ കാരണമായി.

2020 മാർച്ച് 27-ന്, മഴയുള്ള സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ആളൊഴിഞ്ഞ സമയത്ത് അദ്ദേഹം തന്റെ പ്രാർഥനാസ്ഥലത്ത് നേരിട്ടെത്തി ലോകത്തിന് വേണ്ടി പ്രാർഥിച്ചു. ലോകത്തിന്റെ വലിയ നിരാശയുടെ നിമിഷത്തിൽ പാപ്പ ലോകത്തെ മുഴുവൻ അനുഗ്രഹിക്കുകയും, ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെയും പ്രത്യാശയുടെയും ഏക ഉറവിടമായി അവതരിപ്പിക്കുകയും ചെയ്തു. ക്രമേണ, ആളുകൾ വീണ്ടും പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ പാപ്പ തന്റെ ആഴ്ചതോറുമുള്ള പ്രാർഥന വിവിധ ഗ്രൂപ്പുകളായി സംഘടിപ്പിച്ചു. അങ്ങനെ റോമിൽ വീണ്ടും ജനക്കൂട്ടം ഒരു പരിചിത കാഴ്ചയായി മാറി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.