മെഡിറ്ററേനിയനിലെ കുടിയേറ്റ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാർസെയിലിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയ്ക്കായി പ്രാർഥിക്കണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പ. സെപ്റ്റംബർ 17 -നു നടന്ന പൊതുകൂടിക്കാഴ്ചയിൽ വച്ചാണ് സെപ്റ്റംബർ 22, 23 തീയതികളിൽ നടക്കുന്ന അപ്പസ്തോലിക സന്ദർശനത്തിനുവേണ്ടി മാർപാപ്പ പ്രാർഥന ആവശ്യപ്പെട്ടത്.
സെപ്റ്റംബർ 22, വെള്ളിയാഴ്ച സമാപിക്കുന്ന ‘മെഡിറ്ററേനിയൻ എൻകൗണ്ടേഴ്‌സ്’ പ്രോഗ്രാമിന്റെ സമാപനത്തിൽ പങ്കെടുക്കുമെന്നും ഫ്രാൻസിന്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന തുറമുഖനഗരത്തിലെ പാലൈസ് ഡു ഫാരോയിൽവച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തുമെന്നും മാർപാപ്പ പൊതുകൂടിക്കാഴ്ചയിൽ വിശ്വാസികളോട് പങ്കുവച്ചു.
“നിങ്ങളും പ്രാർഥനകളോടൊപ്പം ഈ അപ്പസ്തോലിക യാത്രയെ അനുഗമിക്കണമെന്ന് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു” – ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചു. ‘മെഡിറ്ററേനിയൻ എൻകൗണ്ടേഴ്‌സ്’ 2020 -ൽ ഇറ്റാലിയൻ എപ്പിസ്‌കോപ്പൽ കോൺഫറൻസ് പ്രോത്സാഹിപ്പിച്ച ഒരു സംരംഭമാണ്. ഈ മുന്നേറ്റത്തിന്റെ മൂന്നാം കൂടിച്ചേരലിലാണ് മാർപാപ്പ പങ്കെടുക്കുന്നത്.