ഇസ്രായേലിൽ കുട്ടികളുടെ വിശപ്പറിയുന്ന ‘നെവെറ്റ്’

പിന്നാക്കം നിൽക്കുന്ന ആയിരക്കണക്കിന് ഇസ്രായേലി വിദ്യാർഥികൾ ഒന്നും കഴിക്കാതെയാണ് സ്കൂളുകളിലേക്ക് എത്തുന്നതെന്നു പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? എന്നാൽ അത് സത്യമാണ്. യുദ്ധം തുടങ്ങിയതിനുശേഷം ഒഴിഞ്ഞ വയറുമായി സ്കൂളിലേക്കെത്തുന്ന നിരവധി ഇസ്രായേലി കുട്ടികളുണ്ട്. രാവിലെ 10 മണിക്കുള്ള പ്രഭാതഭക്ഷണത്തിനായുള്ള ഇടവേളകളിൽ അവർ തങ്ങളുടെ ഭക്ഷണമില്ലാത്ത ഒഴിഞ്ഞ ബാക്ക്പാക്കുകളിലേക്ക് ഉറ്റുനോക്കും. മറ്റു കുട്ടികൾ അധ്യാപകർ പകർന്നുനൽകുന്ന വിദ്യകൾക്കൊപ്പം വയറും നിറയ്ക്കുമ്പോൾ വിശപ്പ് സഹിച്ച് വിദ്യ നേടാനെത്തുന്ന കുരുന്നുകൾ. എന്നാൽ ഈ കുട്ടികളുടെ വിശപ്പ് ‘നെവെറ്റ്’ എന്ന സംഘടന കണ്ടു. വിദ്യാർഥികൾക്ക് ഒരു നേരത്തെ ഭക്ഷണമെത്തിച്ചു കൊടുക്കാൻ അവർ സന്നദ്ധരായി.

20 വർഷത്തോളമായി നെവെറ്റ് നിലവിലുണ്ട്. ഇസ്രായേലിലുടനീളമുള്ള 130 നഗരങ്ങളിലെയും മുനിസിപ്പാലിറ്റികളിലെയും 380 സ്കൂളുകളിലായി കഴിക്കാൻ ഭക്ഷണമില്ലാത്ത കുട്ടികൾക്ക് പ്രതിദിനം ഭക്ഷണം പകർന്നുനൽകുന്നവർ. പ്രതിദിനം 16,500 സാൻഡ്‌വിച്ചുകൾ, പുതിയ പഴങ്ങൾ, പച്ചക്കറികൾ എന്നിവ അവർ നൽകുന്നു. ഈ വർഷം ഈ സംഘടന 25,00,000 സാൻഡ്‌വിച്ചുകൾ വിതരണം ചെയ്യും. നാഷണൽ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദാരിദ്ര്യത്തിന്റെയും വരുമാന അസമത്വത്തിന്റെയും അളവുകൾ സംബന്ധിച്ച റിപ്പോർട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇസ്രായേലിൽ ഏകദേശം രണ്ടു ദശലക്ഷം ആളുകൾ ദാരിദ്ര്യരേഖയ്ക്കു താഴെയാണ് ജീവിക്കുന്നത്. ഇതിൽ 8,70,000 ലധികം കുട്ടികളും ഉൾപ്പെടുന്നു. ചിലപ്പോൾ ഈ എണ്ണം വർധിക്കാനും സാധ്യതയുണ്ട്.

നെവെറ്റിന്റെ ഭക്ഷണപരിപാടിയിൽ വർഷങ്ങളായി പങ്കെടുത്തിട്ടുള്ള, ആഷ്‌കെലോണിലെ ORT സ്‌കൂളിലെ പ്രിൻസിപ്പൽ ഇലികി അൽകോബി ഇതേക്കുറിച്ചു പറയുന്നത് ഇങ്ങനെ: “വിശന്നിരിക്കുന്ന കുട്ടിക്ക് പഠിക്കാൻ കഴിയില്ല. ഞങ്ങളുടെ സ്‌കൂളിലെ കുട്ടികളിൽ പലരും വെല്ലുവിളി നിറഞ്ഞ സാമൂഹിക -സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നാണ് വരുന്നത്. നെവെറ്റിന്റെ സഹായത്താൽ, ഞങ്ങൾക്ക് കുട്ടികൾക്കായി ഒരു സാൻഡ്‌വിച്ച്, പഴം, പച്ചക്കറി എന്നിവ നൽകാൻ കഴിയും. ഇത് സ്കൂൾദിവസം മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരെ സഹായിക്കുന്നു. ആരോഗ്യകരമായ പ്രഭാതഭക്ഷണം പ്രധാനമാണ്. അത് വലിയ ഒരു മാറ്റമുണ്ടാക്കും. അതിലും പ്രധാനമായി, ഇത് വിദ്യാർഥികൾക്കിടയിൽ തുല്യത സൃഷ്ടിക്കുന്നു” – അദ്ദേഹം പറഞ്ഞു.

നെവെറ്റ് നടത്തിയ ഗവേഷണങ്ങൾ കാണിക്കുന്നത്, പ്രഭാതഭക്ഷണം ഉയർന്ന അക്കാദമിക് നേട്ടവുമായും വൈജ്ഞാനിക പ്രവർത്തനവുമായും നല്ല രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. നെവെറ്റ് സാൻഡ്‌വിച്ച് പ്രോഗ്രാം സ്വീകരിച്ച 94% ക്ലാസുകളിലും വിദ്യാർഥികളുടെ ഏകാഗ്രത മെച്ചപ്പെട്ടതായി വിദ്യാഭ്യാസ കൺസൾട്ടന്റുകൾ കണക്കാക്കുന്നു.

വിദ്യാർഥികൾ സ്കൂളിൽനിന്ന് പുറത്തുപോകുന്നതിന്റെ പ്രധാന കാരണം വിശപ്പാണ്. നെവെറ്റ് എല്ലാ ദിവസവും രാവിലെ സ്കൂളുകളിൽ ആരോഗ്യകരമായ ചേരുവകൾ എത്തിക്കുന്നു. അതിൽ ഹോൾ ഗോതമ്പ് റോൾസ്, ചീസ്, ഹമ്മസ്, ട്യൂണ മുതലായവയും അതിലേറെയും ഉൾപ്പെടുന്നു. സ്കൂൾ ജീവനക്കാർ എല്ലാ ദിവസവും രാവിലെ സാൻഡ്‌വിച്ചുകൾ തയ്യാറാക്കുന്നത് ഓർഗനൈസേഷന്റെ കർശനമായ ആരോഗ്യ, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്. വിദ്യാർഥികളുടെ അന്തസ്സ് ഉറപ്പാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന രീതിയിലാണ് സാൻഡ്‌വിച്ചുകൾ വിതരണം ചെയ്യുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.