മരണക്കിടക്കയിലും പുഞ്ചിരിച്ച സന്യാസിനിയുടെ നാമകരണ നടപടികൾക്ക് തുടക്കമായി

മരണക്കിടക്കയിൽ പുഞ്ചിരിയോടെ ആയിരുന്ന കർമ്മലീത്ത സന്യാസിനിയായ സിസിലിയ മരിയ ഡി ലാ സാന്താ ഫാസിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുമുമ്പുള്ള നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ച് അർജന്റീനയിലെ സാന്റാ ഫെ ഡി ലാ വെരാ ക്രൂസ് ആർച്ചുബിഷപ്പ് സെർജിയോ ഫെനോയ്. ന്യൂക്വൻ പ്രവിശ്യയിൽനിന്നുള്ള സിസ്റ്റർ സിസിലിയ, 2016-ൽ തന്റെ 42-ാം വയസ്സിലാണ് കാൻസർ ബാധിച്ചു മരിച്ചത്.

ഫെബ്രുവരി 23 ഞായറാഴ്ച രാവിലെ 9:00 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയിലും നാമകരണ നടപടികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കാൻ വിശ്വാസികളോട് ആർച്ചുബിഷപ്പ് ആഹ്വാനം ചെയ്യുകയും ചെയ്തു. അന്തിമനാളുകളിൽ സാന്താ ഫെ അതിരൂപതയിൽ സ്ഥിതിചെയ്യുന്ന കാർമ്മൽ മഠത്തിലാണ് സിസ്റ്റർ സിസിലിയ താമസിച്ചിരുന്നത്.

ആരാണ് ചിരിക്കുന്ന മുഖമുള്ള സിസ്റ്റർ സിസിലിയ?

1973 ഡിസംബർ അഞ്ചിന് ന്യൂക്വെനിലെ (അർജന്റീന) സാൻ മാർട്ടിൻ ഡി ലോസ് ആൻഡസിലാണ് സിസിലിയ മരിയ സാഞ്ചസ് സൊറോണ്ടോ എന്ന സി. സിസിലിയ ജനിച്ചത്. 24 -ാം വയസ്സിൽ അവൾ സാന്താ ഫെ നഗരത്തിലെ ഡിസ്കാൾഡ് കാർമെലൈറ്റ് ആശ്രമത്തിൽ പ്രവേശിക്കുകയും സിസിലിയ മരിയ ഡി ലാ സാന്താ ഫാസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

സിസിലിയ, ക്രിസ്‌തുവുമായുള്ള സൗഹൃദവും പരസ്‌പരസ്‌നേഹവും തന്റെ ജീവിതത്തിൽ ഉൾക്കൊള്ളുന്നവളും എപ്പോഴും സന്തോഷവതിയുമായിരുന്നു. അവൾ പ്രാർഥനയ്ക്കും ധ്യാനാത്മകജീവിതത്തിനും സ്വയം സമർപ്പിച്ചു. വയലിൻ വായിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന സിസിലിയ, സ്വഭാവമാധുര്യത്തിനും എപ്പോഴും മുഖത്തുവിരിഞ്ഞിരുന്ന പുഞ്ചിരിക്കും പേരുകേട്ടവളായിരുന്നു.

തന്റെ സന്തോഷകരമായ സമർപ്പിതജീവിതത്തിനിടയിലായിരുന്നു അവർക്ക്, നാവിൽ കാൻസർ ആണെന്നു കണ്ടെത്തിയത്. അതിനിടെ ശ്വാസകോശത്തിലെ മെറ്റാസ്റ്റാസിസ് രോഗവും അവളുടെ നില വഷളാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ച സി. സിസിലിയ പ്രാർഥിക്കുന്നതും താൻ അനുഭവിച്ച കഷ്ടപ്പാടുകൾ ദൈവത്തിന് അർപ്പിക്കുന്നതും തുടർന്നു. കാരണം ദൈവവുമായുള്ള കണ്ടുമുട്ടൽ അടുത്തെത്തിയിരുന്നു എന്ന് അവൾക്ക് ഉറപ്പായിരുന്നു.

ആശുപത്രിക്കിടക്കയിൽവച്ച് ഒരു കടലാസിൽ അവൾ എഴുതിയ തന്റെ അവസാനത്തെ ആഗ്രഹം ഇതായിരുന്നു: “എന്റെ മൃതസംസ്കാരം ഇങ്ങനെയായിരിക്കണം. ആദ്യം പ്രാർഥന, പിന്നെ എല്ലാവർക്കും വലിയ പാർട്ടി. പ്രാർഥിക്കാൻ മറക്കരുത്; എന്നാൽ ആഘോഷിക്കാനും മറക്കരുത്”.

സിസ്റ്ററിന്റെ സാക്ഷ്യവും അവസാന നാളുകളിലെ ഫോട്ടോകളും, പ്രത്യേകിച്ച് അവളുടെ മരണസമയത്തെയും മരണശേഷമുള്ള പുഞ്ചിരിയും ലോകമെമ്പാടും പ്രചരിക്കുകയും അനേകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 2016 ജൂൺ 23-ന് ബ്യൂണസ് അയേഴ്സിൽ വച്ചായിരുന്നു സി. സിസിലിയയുടെ അന്ത്യം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.