പുതിയ കർദിനാൾമാരുടെ സംഘത്തിലേക്ക് നേപ്പിൾസിലെ ആർച്ച്ബിഷപ്പ് ഡൊമെനിക്കോ ബറ്റാലിയയും ഉൾപ്പെടുത്തി ഫ്രാൻസിസ് പാപ്പ. ഡിസംബർ ഏഴിന് വത്തിക്കാനിൽ 21 പുതിയ കർദിനാൾമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും.
ഇന്തോനേഷ്യയിലെ ആർച്ചുബിഷപ്പ് പാസ്കലിസ് ബ്രൂണോ സ്യൂക്കൂർ കർദിനാൾ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പൗരോഹിത്യജീവിതത്തിൽ, സഭയ്ക്കും ദൈവജനത്തിനും വേണ്ടിയുള്ള സേവനത്തിൽ തുടരാനാണ് താൽപര്യമെന്ന് അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭ്യർഥന ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു. കർദിനാൾമാരുടെ സംഘത്തിലേക്ക് പുതിയ ആളെക്കൂടി മാർപാപ്പ നിർദേശിച്ചതോടെ ഡിസംബർ ഏഴിന് 21 പുതിയ കർദിനാൾമാർ സ്ഥാനമേൽക്കും.
ഒക്ടോബർ 12 നാണ് ഫ്രാൻസിസ് മാർപാപ്പ 21 പുതിയ കർദിനാൾമാരെ നാമനിർദേശം ചെയ്തത്.