ജർമനിയിലെ മ്യൂണിക്കിലുള്ള ബ്യൂഗർസാൽ പള്ളിയിൽ (Bürgersaalkirche) പ്രതിഷ്ഠിച്ചിരിക്കുന്ന ഉണ്ണീശോയുടെ അതുല്യമായ തിരുസ്വരൂപത്തിനു പറയുന്ന പേരാണ് അഗസ്റ്റീനെർകിൻഡിൽ (Augustinerkindl). ആഗസ്റ്റീനിയൻ സന്യാസശ്രമത്തിൽ നിന്നുള്ള രൂപമായതിനാലാണ് അഗസ്റ്റീനെർകിൻഡിൽ എന്ന് ഉണ്ണീശോയുടെ ഈ രൂപം അറിയപ്പെടുന്നത്. ആശ്രമം അടച്ചുപൂട്ടേണ്ട സാഹചര്യംവന്നപ്പോൾ നൂറുമീറ്ററോളം മാത്രം അകലെയുള്ള ബ്യൂഗർസാൽ പള്ളിയിലേക്ക് 1817-ൽ തിരുസ്വരൂപം കൈമാറി. അന്നുമുതൽ മ്യൂണിക്കിലെ ജനങ്ങൾക്ക് ഏതുപ്രശ്നവുമായി സമീപിക്കാൻ സാധിക്കുന്ന പുണ്യസങ്കേതമാണ് ഉണ്ണീശോയുടെ ഈ തീർഥാടനകേന്ദ്രം.
ക്രിസ്തുമസ് കാലത്ത് ബ്യൂഗർസാൽ പള്ളിയിൽ പരമ്പരാഗതമായി നടത്തിവരുന്ന ഉണ്ണീയേശു ആരാധനകളോട് (Christuskindlandachten) അനുബന്ധിച്ചാണ് ഈ തിരുസ്വരൂപം പുറത്തെടുക്കുക. മ്യൂണിക്കിലുള്ള പുരുഷന്മാരുടെ മരിയൻ കൂട്ടായ്മ അഥവാ മരിയാനിഷേ മെന്നർ കോൺഗ്രിഗാസിയോൻ (Marianische Männerkongregation) എന്ന ഭക്തസംഘടനയുടെ മ്യൂസിയത്തിലെ ചില്ലുകൂട്ടിലാണ് സാധാരണ അഗസ്റ്റീനെർകിൻഡിൽ സൂക്ഷിക്കുന്നത് (ബ്യൂഗർസാൽ പള്ളിയുടെ അടിയിലത്തെ നിലയിൽ വാഴ്ത്തപ്പെട്ട റൂപ്പെർട്ട് മേയറിന്റെ കബറിടത്തിനുപിറകിലായാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്).
അതുല്യമായ ഒരു കലാസൃഷ്ടിയാണ് അഗസ്റ്റീനെർകിൻഡിൽ. വിലയേറിയ കസവുകൊണ്ടും (lace) ചിത്രപ്പണികളോടുകൂടിയ വസ്ത്രം കൊണ്ടും ഈ തിരുസ്വരൂപം പൊതിഞ്ഞിരിക്കുന്നു. മുത്തുകളും നിറമുള്ള ഗ്ലാസ്സ് കല്ലുകളും വസ്ത്രത്തിൽ തുന്നിച്ചേർത്തിരിക്കുന്നു. മെഴുകുകൊണ്ടാണ് ഈ രൂപം നിർമിച്ചിരിക്കുന്നത്. ഉണ്ണീശോയുടെ തല ഇടതുവശത്തേക്ക് അല്പം ചെരിച്ചുപിടിച്ചിരിക്കുന്നു. കണ്ണുകൾ തുറന്നുപിടിച്ചിരിക്കുന്ന ഉണ്ണീശോ പുഞ്ചിരിയോടെയാണ് എല്ലാവരെയും സ്വാഗതംചെയ്യുന്നത്. തിരുസ്വരൂപത്തിന്റെ മുഖത്തിന്റെ വലതുഭാഗത്ത് വ്യക്തമായ ഒരു വിള്ളൽ കാണാം. അതിനെപ്പറ്റിയുള്ള ഒരു ഐതീഹ്യം നിലനിൽക്കുന്നു.
1624-ൽ അഗസ്റ്റീനിയൻ സഭയിൽപെട്ട ഒരു പുരോഹിതന്റെ കൈകളിൽനിന്ന് ഉണ്ണീശോയുടെ തിരുസ്വരൂപം അബദ്ധവശാൽ താഴെവീഴാനിടയാവുകയും തലഭാഗം തകരുകയുംചെയ്തു. ഭയംനിമിത്തം ആ വൈദികൻ ആശ്രമത്തിലെ ആരോടുംപറയാതെ തിരുസ്വരൂപം പൊതിഞ്ഞ് അലമാരിയിൽ സൂക്ഷിക്കുകയും പ്രാർഥനയോടെ ഏതാനും മാസങ്ങൾ ചെലവഴിക്കുകയും ചെയ്തു. പിറ്റേവർഷത്തെ ക്രിസ്തുമസ് കാലത്തിനുമുമ്പു നടന്ന സംഭവങ്ങൾ പുരോഹിതൻ ആശ്രമശ്രേഷ്ഠനെ അറിയിച്ചു. ഇരുവരും ചേർന്ന് അലമാര തുറന്നപ്പോൾ പൊട്ടിത്തകർന്ന തലഭാഗം വീണ്ടും ഒന്നിച്ചിരിക്കുന്നതായി കണ്ടു. അന്നുമുതൽ ഉണ്ണീശോയുടെ മുഖത്ത് ഒരു വിള്ളലിന്റെ വര നമുക്കു കാണാൻകഴിയും. അഗസ്റ്റീനെർകിൻഡിലിനെ തകർക്കാനോ, നശിപ്പിക്കാനോ ആർക്കും സാധിക്കുകയില്ല. തലമുറകളായി അനേകർക്ക് ആശ്വാസവും അഭയവും നൽകുന്ന തിരുസ്വരൂപമാണ് ഈ ഉണ്ണീശോയുടെ തിരുസ്വരൂപം.
ക്രിസ്തുമസ് കാലത്ത് ഡിസംബർ മാസം 25 മുതൽ 30 വരെയും ജനുവരി ഒന്നുമുതൽ ആറുവരെയും എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചയും (ആഗസ്റ്റ് മാസം ഒഴികെ) വൈകുന്നേരം അഞ്ചുമണിക്കാണ് ഉണ്ണീയേശു ആരാധനകൾ (Christuskindlandachten) നടത്തുന്നത്.
ഫാ. ജയ്സൺ കുന്നേൽ MCBS