ഇറ്റലിയിൽനിന്നുള്ള നവകർദിനാൾമാർക്ക് സ്വീകരണം നൽകി ഇറ്റാലിയൻ രാഷ്ട്രപതി

പുതിയതായി സ്ഥാനാരോഹണം ചെയ്യപ്പെട്ട ഇറ്റലിക്കാരായ മൂന്നു കർദിനാൾമാരെ സെപ്റ്റംബർ മാസം മുപ്പതാം തീയതി ഇറ്റാലിയൻ രാഷ്ട്രപതി സെർജോ മത്തരെല്ല തന്റെ ഔദ്യോഗികവസതിയിൽ സ്വീകരിച്ചു. ഇറ്റലിക്കാരായ ക്ലൗഡിയോ ഗുജറോത്തി, പിയേർബത്തിസ്ത്ത പിസ്സബാല്ല, അഗസ്തിനോ മർക്കെത്തോ എന്നിവരെയാണ് ഇറ്റാലിയൻ രാഷ്ട്രപതി തന്റെ ഔദ്യോഗികവസതിയായ ക്വിരിനാലേ കൊട്ടാരത്തിൽ സ്വീകരിക്കുകയും അവരോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തത്; പുതിയ കർദിനാൾമാരോടൊപ്പം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, ഇറ്റലിയിലേക്കുള്ള അപ്പസ്തോലിക നുൺഷ്യോ കർദിനാൾ എമിൽ പോൾ ഷെറിങ്, പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ഇറ്റാലിയൻ അംബാസഡർ ഫ്രാഞ്ചെസ്‌കോ ദി നിറ്റോ എന്നിവരും സന്നിഹിതരായിരുന്നു.

പുതിയതായി കർദിനാൾമാരായി സ്ഥാനാരോഹണം ചെയ്യപ്പെടുന്ന ഇറ്റലിക്കാരായവരെ രാഷ്ട്രപതി ഇപ്രകാരം സ്വീകരിക്കുന്നതും അവരോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുന്നതും ഏറെക്കലമായി തുടരുന്ന ഒരു സമ്പ്രദായമാണ്. ഈ വർഷത്തെ കൺസിസ്റ്ററിയിൽ തിരഞ്ഞെടുക്കപ്പെട്ട ഇറ്റാലിയൻ കർദിനാളന്മാരിൽ ക്ലൗഡിയോ ഗുജറോത്തി, പൗരസ്ത്യസഭകൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ആയും, പിയേർബത്തിസ്ത്ത പിറ്റ്സബാല്ല ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് ആയും സേവനമനുഷ്ഠിക്കുന്നവരാണ്. 83 വയസ്സുകാരനായ കർദിനാൾ അഗസ്തിനോ മർക്കെത്തോ വത്തിക്കാന്റെ നയതന്ത്രപ്രതിനിധിയായി നിരവധി രാജ്യങ്ങളിൽ നിസ്തുലസേവനം കാഴ്ചവച്ചിട്ടുള്ള വ്യക്തിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.