നയതന്ത്രരംഗത്ത് ഏറെ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന പരിശുദ്ധ സിംഹാസനം നിലവിൽ 184 രാജ്യങ്ങളുമായാണ് ഔദ്യോഗിക നയതന്ത്രബന്ധം പുലർത്തുന്നതെന്ന് ജനുവരി ഒൻപതിന് പുറത്തുവിട്ട ഒരു കുറിപ്പിലൂടെ വത്തിക്കാൻ അറിയിച്ചു. 90 രാജ്യങ്ങൾക്കു മാത്രമാണ് വത്തിക്കാനുമായുള്ള നയതന്ത്രബന്ധത്തിന്റെ ഭാഗമായി റോമിൽ എംബസികളുള്ളത്.
അറബ് രാജ്യങ്ങളുടെ സംയുക്ത സമിതി, ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റത്തിനായുള്ള അന്താരാഷ്ട്ര സംഘടന, അഭയാർഥികൾക്കായുള്ള കമ്മീഷൻ എന്നിവയ്ക്കും വത്തിക്കാനുമായുള്ള ബന്ധത്തിന്റെ ഭാഗമായി റോമിൽ നയതന്ത്ര കേന്ദ്രങ്ങളുണ്ട്.
2024 ഒക്ടോബർ പതിനൊന്നിന്, ആഫ്രിക്കയിലെ ബുർക്കിന ഫസോയിൽ കത്തോലിക്കാ സഭയുടെ നൈയാമിക പദവിയുമായി ബന്ധപ്പെട്ട് രണ്ടാമത്തെ അധിക നിബന്ധനച്ചട്ടം ഒപ്പുവയ്ക്കപ്പെട്ടിരുന്നു. ഇതേ മാസം ഇരുപത്തിരണ്ടാം തീയതി പരിശുദ്ധ സിംഹാസനവും ചൈനയുമായി മെത്രാന്മാരുടെ നിയമനം സംബന്ധിച്ചുള്ള താത്കാലിക കരാർ നാലു വർഷത്തേക്കുകൂടി നീട്ടിക്കൊണ്ട് തീരുമാനമെടുത്തിരുന്നു. 2018 സെപ്റ്റംബർ 22 ന് രണ്ടു വർഷത്തേക്ക് ആരംഭിച്ച ഈ കരാർ 2020 ഒക്ടോബർ 22 ന് നാല് വർഷത്തേക്ക് പുതുക്കിയിരുന്നു.
2024 ഒക്ടോബർ 24 ന്, പരിശുദ്ധ സിംഹാസനവും ചെക്ക് റിപ്പബ്ലിക്കും തമ്മിൽ ചില നൈയാമിക കാര്യങ്ങളിൽ കരാർ ഒപ്പുവച്ചിരുന്നു.
കടപ്പാട്: വത്തിക്കാൻ ന്യൂസ്