സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്നിട്ട് രണ്ടാഴ്ച പിന്നിടുമ്പോൾ ആ വാതിലിലൂടെ കടന്നുപോയത് അരലക്ഷത്തിലധികം ആളുകളാണ്. 2024 ഡിസംബർ 24 നാണ് ഫ്രാൻസിസ് പാപ്പ ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്ന് 2025 ജൂബിലി വർഷം ഉദ്ഘാടനം ചെയ്തത്.
“2026 ജനുവരി ആറിന് സമാപിക്കുന്ന ജൂബിലി വർഷത്തിൽ വളരെയധികം തീർഥാടകർ സന്ദർശനം നടത്തും. തീർഥാടകർക്ക് സ്വാഗതവും അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്ന അനുഭവവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡിക്കാസ്റ്ററി അശ്രാന്തമായി പ്രവർത്തിക്കുന്നു” – സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ പ്രിഫെക്റ്റ് കർദിനാൾ റിനോ ഫിസിചെല്ല പറഞ്ഞു.
ഈ ജൂബിലി വർഷത്തിൽ റോമിലേക്ക് തീർഥാടനത്തിനായി വരുമെന്ന് പ്രതീക്ഷിക്കുന്നത് 30 ദശലക്ഷം ആളുകളാണ്. അവരെ സ്വാഗതം ചെയ്യാൻ പരിശുദ്ധ സിംഹാസനവും ഇറ്റാലിയൻ അധികാരികളും സഹകരിച്ചു പ്രവർത്തിക്കുന്നു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ തുറക്കപ്പെട്ട വിശുദ്ധ വാതിലിനുപുറമെ, 2025 ജൂബിലി വർഷത്തിൽ മറ്റ് നാല് വിശുദ്ധ വാതിലുകൾകൂടി തുറക്കപ്പെട്ടു. സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിലും മേരി മേജർ ബസിലിക്കയിലും സെന്റ് പോൾ ബസിലിക്കയിലും റോമിലെ റെബിബിയ ജയിലിലുമാന് വിശുദ്ധ വാതിൽ തുറന്നത്.