ഇരുപതാം നൂറ്റാണ്ടിലെ ആദ്യ വിയറ്റ്‌നാമീസ് രക്തസാക്ഷി വാഴ്ത്തപ്പെട്ട പദവിയിലേക്ക്

ഇരുപതാം നൂറ്റാണ്ടിലെ ആദ്യ വിയറ്റ്‌നാമീസ് രക്തസാക്ഷി ഫാ. ഫ്രാൻസിസ് സേവ്യർ ട്രൂങ് ബു ഡൈപ് (1897-1946) വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്നു. ഒന്നാം വിയറ്റ്നാം യുദ്ധത്തിൽ ക്രൈസ്തവ വിശ്വാസത്തോടുള്ള വിദ്വേഷം നിമിത്തം കൊല്ലപ്പെട്ട രൂപതാവൈദികനാണ് ഫാ. ഫ്രാൻസിസ് സേവ്യർ.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ യുദ്ധങ്ങൾക്കും പീഡനങ്ങൾക്കുമിടയിലാണ് വിയറ്റ്നാമിൽ വിശ്വാസം ശക്തിപ്രാപിച്ചത്. 18, 19 നൂറ്റാണ്ടുകളിൽ ഈ നാട്ടിൽ സഭ നിരവധി പീഡനങ്ങൾക്ക് ഇരയായി. 1990 ൽ വിയറ്റ്നാമിൽനിന്നുള്ള ആൻഡ്രിയ ഡങ് ലാക്കിനെ ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.

മെകോംഗ് ഡെൽറ്റയിലെ ആൻ ജിയാങ് പ്രവിശ്യയിൽലെ ഫ്നാം ഫെനിലെ സെമിനാരിയിലാണ് ഫാ. ഫ്രാൻസിസ് സേവ്യർ പഠിച്ചത്. അപ്പസ്തോലിക് വികാരിയുടെ കീഴിലായിരുന്നു ആ പ്രദേശം മുഴുവൻ. 1924 ൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി. ആറു വർഷത്തിനുശേഷം അദ്ദേഹം നിലവിലെ വിയറ്റ്നാമീസ് രൂപതയായ ക്യാൻ തോയിലെ ടാക് സേ ഇടവകയിലേക്ക് നിയോഗിക്കപ്പെട്ടു. പിന്നീട് വിയറ്റ്നാമിനും കംബോഡിയയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിലെ മെകോംഗ് ഡെൽറ്റയിൽ അദ്ദേഹം മറ്റു പുതിയ കത്തോലിക്കാ സമൂഹങ്ങൾ ആരംഭിക്കുകയും തന്റെ രക്തസാക്ഷിത്വം വരെ – 16 വർഷം – ഇതേ സമൂഹത്തെ സേവിക്കുകയും ചെയ്തു.

1945 -1946 ൽ, വിയറ്റ്നാമിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം യുദ്ധത്താൽ നശിപ്പിക്കപ്പെട്ടു. ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു, ആളുകളെ ഒഴിപ്പിച്ചു. അധികാരത്തിനും ഭൂമിക്കുംവേണ്ടി വിവിധ രാഷ്ട്രീയഗ്രൂപ്പുകൾ തമ്മിൽ നടത്തിയ യുദ്ധവും പോരാട്ടവും മൂലം ആളുകൾ കടുത്ത ഭയത്തിലായിരുന്നു. സുരക്ഷയെ കരുതി അവിടെനിന്നും പോകാൻ അധികാരികൾ ഫാ. ഫ്രാൻസിസിനോടു പറഞ്ഞെങ്കിലും അദ്ദേഹം ഉറച്ച മറുപടി നൽകി: “എന്റെ ജീവിതവും മരണവും എന്റെ അജഗണങ്ങൾക്കുവേണ്ടിയാണ്. അജഗണം ഉള്ളിടത്ത് ഇടയൻ ഉണ്ടായിരിക്കണം.”

തങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതിനായി ഫ്രഞ്ചുകാരുമായി സഹകരിച്ചുവെന്ന് ആരോപിച്ച് അവിടെയുള്ള ക്രിസ്ത്യാനികൾ ഒരു കളപ്പുരയിൽ തടവിലാക്കപ്പെട്ടു. ഹോ ചി മിന്നിന്റെ വിയറ്റ് മിന്നിനൊപ്പം ചേർന്ന ചില ജാപ്പനീസ് ഒളിച്ചോട്ടക്കാർ അവരെ ജീവനോടെ ചുട്ടെരിക്കുമെന്നു ഭീഷണിപ്പെടുത്തിയതിനാൽ ഫാ. ഫ്രാൻസിസ്, തന്നെ വധിക്കാനും മറ്റുള്ളവരെ മോചിപ്പിക്കാനും ആവശ്യപ്പെട്ടു. അതിനെ തുടർന്ന് ജാപ്പനീസ് ഒളിച്ചോട്ടക്കാർ മറ്റുള്ളവരെ ജീവിക്കാൻ അനുവദിച്ചു. ഫാ. ഫ്രാൻസിസിനെ കൊലപ്പെടുത്തിയശേഷം അദ്ദേഹത്തിന്റെ മൃതദേഹം ആഴം കുറഞ്ഞ ഒരു കുളത്തിലേക്ക് എറിഞ്ഞ് വികൃതമാക്കി. പിന്നീട് വിശ്വാസികൾ അദ്ദേഹത്തിന്റെ മൃതശരീരം വീണ്ടെടുത്തു. 1969 ടാക് സേയിലെ ഇടവക ദൈവാലയത്തിൽ അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിക്കപ്പെട്ടു.

ക്രിസ്ത്യാനികളെ കൂടാതെ മറ്റു മതസ്ഥരും അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ പ്രാർഥന യാചിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.