ചൈന സന്ദർശിച്ച ആദ്യത്തെ മാർപാപ്പ

ലോകമെമ്പാടും മാർപാപ്പയുടെ അപ്പസ്തോലിക യാത്രയെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. വിവിധ കാലഘട്ടങ്ങളിലായി പല മാർപാപ്പമാരും ലോകത്തിന്റെ പല ഭൂഖണ്ഡങ്ങളും രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. അത്തരത്തിൽ, ഒരു മാർപാപ്പ നടത്തിയ വ്യത്യസ്തവും അനന്യവുമായ സന്ദർശനത്തെക്കുറിച്ച് വായിച്ചറിയാം.

ഒരു മാർപാപ്പ ചൈന സന്ദർശിച്ചിട്ടുണ്ട്. അത് ആരാണെന്ന് അറിയാമോ? പോൾ ആറാമൻ പാപ്പയാണ് 1970 ഡിസംബർ നാലിന് മൂന്നു മണിക്കൂർ സമയം ചൈനയിലെ ഹോങ്കോങ്ങിൽ ചിലവഴിച്ചത്. ഹോങ്കോങ്ങിന്റെ കൊളോണിയൽ സെക്രട്ടറി സർ ഹഗ് നോർമൻ-വാക്കർ മാർപാപ്പയെ സ്വാഗതം ചെയ്തു.

പോൾ ആറാമൻ പാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയതും അവസാനത്തേതുമായ അന്താരാഷ്ട്ര യാത്രയായിരുന്നു ഹ്രസ്വമായ ഈ ചൈന സന്ദർശനം. ഇറാൻ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, സമോവ, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ എന്നീ രാജ്യങ്ങളിലൂടെ പാപ്പയുടെ വിമാനം അന്ന് കടന്നുപോയി. ചൈനയിലെ ഹാപ്പി വാലി സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ പാപ്പ ഇറങ്ങി. അതിനുശേഷം ഹോങ്കോങ്ങിലെ ആദ്യത്തെ ചൈനീസ് ബിഷപ്പായ, ബിഷപ്പ് ഫ്രാൻസിസ് ഹ്സുവിനൊപ്പം ജീപ്പിൽ പരേഡ് നടത്തി. റേസ്‌കോഴ്‌സിൽ മാർപാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ ഏകദേശം 40,000 ആളുകളാണ് പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.