
ഫ്രാൻസിസ് പാപ്പയുടെ മൃതസംസ്കാര ചടങ്ങിന്റെ ആദ്യഘട്ടം വത്തിക്കാനിൽ പൂർത്തിയായി. മാർപാപ്പയുടെ ‘മരണവാർത്ത സ്ഥിരീകരിച്ചതിനുശേഷം ഭൗതികശരീരം ശവപ്പെട്ടിയിൽ വയ്ക്കുന്ന ചടങ്ങ്’ എന്ന് വിളിക്കപ്പെടുന്ന മാർപാപ്പയുടെ മൃതസംസ്കാര ചടങ്ങുകളുടെ ആദ്യഘട്ടം നിർവഹിച്ചു.
പാപ്പയുടെ മരണത്തിന് 12 മണിക്കൂറിനുശേഷം, രാത്രി എട്ടു മണിക്ക് (റോം) ഫ്രാൻസിസ് മാർപാപ്പയുടെ വസതിയായ സാന്താ മാർത്തയിലെ ചാപ്പലിൽ കർദിനാൾ കെവിൻ ഫാരെൽ ചടങ്ങുകൾക്കു നേതൃത്വം നൽകി. വത്തിക്കാൻ റിപ്പോർട്ടുകൾ പ്രകാരം, ചടങ്ങുകൾ പൂർത്തിയാക്കാൻ ഒരുമണിക്കൂറിൽ താഴെ സമയമെടുത്തു. പാപ്പയുടെ ഭൗതികശരീരം രാത്രി മുഴുവനും സാന്താ മാർത്തയിലെ ചാപ്പലിലായിരിക്കും സൂക്ഷിക്കുക.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ, ഡെപ്യൂട്ടി ആർച്ച്ബിഷപ്പ് എഡ്ഗർ പെന പാര എന്നിവരോടൊപ്പം ഫാരെലും അപ്പസ്തോലിക് കൊട്ടാരത്തിലെ പേപ്പൽ അപ്പാർട്ട്മെന്റ് അടച്ചുപൂട്ടി സീൽ ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയുടെ കുടുംബാംഗങ്ങൾ, വത്തിക്കാന്റെ ആരോഗ്യ-ശുചിത്വ വകുപ്പിന്റെ ഡയറക്ടർ, വൈസ് ഡയറക്ടർ കാർഡിനൽസ് കോളേജിന്റെ ഡീൻ ജിയോവന്നി ബാറ്റിസ്റ്റ റീ എന്നിവരും പങ്കെടുത്തു.
ഏപ്രിൽ 21 ന് രാവിലെ പാപ്പയുടെ മരണശേഷം, വത്തിക്കാന്റെ ആരോഗ്യസേവന ഡയറക്ടർ ഡോ. ആൻഡ്രിയ ആർക്കാഞ്ചലി, മൃതദേഹം പരിശോധിക്കുകയും മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കുകയും ചെയ്തു. ‘ഏറ്റവും ആദരവോടും കൂടി’ പൊതുജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കാൻ കഴിയുന്ന തരത്തിൽ മൃതദേഹം ശരിയായി സംരക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഡോ. ആർക്കാഞ്ചലി ചെയ്തു.
മാർപാപ്പയുടെ മൃതദേഹം ചുവന്ന ആരാധനാക്രമ വസ്ത്രങ്ങൾ ധരിപ്പിച്ച്, സിങ്ക് ലൈനിംഗുള്ള ലളിതമായ മരം കൊണ്ടുള്ള ഒരു ശവപ്പെട്ടിയിൽ കിടത്തി. ശരീരത്തിൽ വിശുദ്ധജലം തളിക്കുന്നത് ഉൾപ്പെടെയുള്ള ചടങ്ങുകളുടെ അടുത്ത ഭാഗത്തിനായി പാസ്ചൽ അഥവാ ഈസ്റ്റർ മെഴുകുതിരി പാപ്പയുടെ ഭൗതികശരീരത്തിനു സമീപത്ത് സ്ഥാപിച്ച് കത്തിച്ചു.
ഏപ്രിൽ 21 ന് വൈകുന്നേരം സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കു വേണ്ടി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആർച്ച്പ്രിസ്റ്റ് കർദിനാൾ മൗറോ ഗാംബെറ്റി നേതൃത്വത്തിൽ ജപമാല പ്രാർഥന നടത്തി. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് പ്രകാരം, ഏപ്രിൽ 23 ന് രാവിലെ ഫ്രാൻസിസ് പാപ്പയുടെ ഭൗതികശരീരം പൊതുദർശനത്തിനായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കു കൊണ്ടുവന്നേക്കാം. കൃത്യമായ തീയതിയും സമയവും ഏപ്രിൽ 22 ന് വത്തിക്കാൻ സ്ഥിരീകരിക്കും.
മാർപാപ്പ ഇല്ലാത്ത സെദേ വെക്കാന്തേ (sede vacante) കാലഘട്ടത്തിൽ വത്തിക്കാന്റെ നടത്തിപ്പിനായി തീരുമാനങ്ങളെടുക്കുന്നതിനും പാപ്പയുടെ മൃതസംസ്കാരത്തിന്റെയും തീയതിയും സമയവും തീരുമാനിക്കുന്നതിനുമായി കോളേജ് ഓഫ് കാർഡിനൽസ് ഏപ്രിൽ 22 മുതൽ യോഗം ചേരും.