
മൈക്കലാഞ്ചലോയുടെ മഹത്തായ സൃഷ്ടികളിൽ ഒന്നായ 14,000 ടൺ ഭാരവും അഞ്ച് നൂറ്റാണ്ട് പഴക്കവുമുള്ള സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ താഴികക്കുടം ഈസ്റ്ററിന് പ്രകാശിപ്പിക്കും. അത്യാധുനിക ലൈറ്റിംഗ് ഉപയോഗിച്ചായിരിക്കും സെന്റ് പീറ്റേഴ്‌സ് ബസലിക്ക പ്രകാശിപ്പിക്കാൻ പദ്ധതിയിടുന്നത്.
ബസിലിക്കയുടെ വാസ്തുവിദ്യാപരവും കലാപരവുമായ പൂർത്തീകരണത്തിന് ആവശ്യമായ എല്ലാ ജോലികളും കൈകാര്യം ചെയ്യുന്ന സ്ഥാപനമായ ഫാബ്രിക്ക ഡി സാൻ പെഡ്രോയാണ് ലൈറ്റിംഗ് സംവിധാനങ്ങളും നടത്തുന്നത്. താഴികക്കുടത്തിന്റെ ഡ്രം ആണ് പ്രകാശമാനമാക്കുന്നത്. പ്രകാശ തീവ്രത പരിശോധിക്കുന്നതിനായി രാത്രിയിൽ സാങ്കേതിക പ്രവർത്തനങ്ങൾ നടത്തുന്നു. ഏപ്രിൽ 20 ഞായറാഴ്ച അനാച്ഛാദനം ചെയ്യുന്ന ഈ ലൈറ്റിംഗ് സംവിധാനങ്ങൾ വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും ആസ്വദിക്കാൻ കഴിയും.
മൈക്കലാഞ്ചലോയുടെ നവോത്ഥാനകാലത്തെ മഹത്തായ ഈ താഴികക്കുടം നിർമ്മിച്ചത് വിശുദ്ധ പത്രോസിന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കുന്നതിനായിട്ടാണ്. ഈ താഴികക്കുടത്തിന്റെ മുകൾഭാഗം 120 മീറ്റർ ഉയരമുള്ളതാണ്. തീർഥാടകർക്ക് അതിന്റെ 537 പടികൾ കയറിയശേഷം ഇത് സന്ദർശിക്കാം.