കത്തോലിക്കാ സഭ ലോകസമാധാനത്തിനായി പ്രാർഥനാദിനം ആചരിച്ചു

വിശുദ്ധനാട്ടിൽ ഇസ്രായേലും പാലസ്തീനയും തമ്മിൽ സംഘർഷം തുടരുന്നതിനിടെ ഒക്ടോബർ 18 -ന് പൊതുകൂടിക്കാഴ്ചാ പരിപാടിയിൽ സമാധാനത്തിനായുള്ള ആഗോളപ്രാർഥനയ്ക്കും ഉപവാസത്തിനും ഫ്രാൻസിസ് പാപ്പാ നൽകിയ ആഹ്വാനമനുസരിച്ച് ഒക്ടോബർ 27 -ന് വിശ്വാസികൾ പ്രാർഥനാദിനം ആചരിച്ചു. കത്തോലിക്കാ സഭയുടെ തലവനായ പാപ്പാ ക്രിസ്ത്യാനികളെ മാത്രമല്ല, ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കുക എന്ന പൊതുലക്ഷ്യം പങ്കിടുന്ന എല്ലാ മതവിശ്വാസികളെയും പ്രാർഥിക്കാനായി ക്ഷണിക്കുകയായിരുന്നു.

പ്രക്ഷുബ്ധമായ ഈ കാലഘട്ടത്തിൽ സമാധാനത്തിനായി യാചിക്കാൻ ഉപവാസത്തിന്റെയും പ്രാർഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ദിവസത്തിൽ പങ്കെടുക്കാൻ പാപ്പാ ആഹ്വാനം ചെയ്തിരുന്നു. വിവിധ ക്രൈസ്തവവിഭാഗങ്ങളിലെ സഹോദരീസഹോദരന്മാരെയും മറ്റു മതങ്ങളിൽനിന്നുള്ളവരെയും ലോകത്തിൽ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരെയും അവർക്ക് അനുയോജ്യമെന്നുതോന്നുന്ന രീതിയിൽ ഈ സംരംഭത്തിൽ പങ്കുചേരാൻ താൻ ക്ഷണിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

അക്രമങ്ങളാൽ അടയാളപ്പെടുത്തിയ ലോകത്തിന്റെ സമാധാനത്തിനുവേണ്ടി ഒരു ദിവസത്തെ ഉപവാസത്തിനുശേഷം വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തിൽ വൈകുന്നേരം ആറുമണിക്ക് ആരംഭിച്ച പ്രാർഥനയായിരുന്നു ഈ ആഗോളപരിപാടിയുടെ കേന്ദ്രബിന്ദു. ഫ്രാൻസിസ് പാപ്പാ വീൽചെയറിൽ മാതാവിന്റെ രൂപത്തിനുമുന്നിലേക്കാണ് ചെന്നത്. വിദ്വേഷത്താൽ കുടുങ്ങിയവരുടെ ആത്മാവിനെ ചലിപ്പിക്കാനും സംഘർങ്ങൾ ഉണ്ടാക്കുന്നവരെ മനസാന്തരപ്പെടുത്താനും കുട്ടികളുടെ കണ്ണീർ തുടയ്ക്കാനും സംഘർഷങ്ങളുടെ ഇരുണ്ടയാമങ്ങളിൽ വെളിച്ചത്തിന്റെ മിന്നൽ തെളിക്കാനും പാപ്പാ പ്രാർഥിച്ചു.

ഏതാനും നിമിഷം മൗനമായി പ്രാർഥിച്ചശേഷം ജപമാലയിലെ ദുഃഖകരമായ രഹസ്യങ്ങൾ ധാനിച്ചുകൊണ്ട് പ്രാർഥന ആരംഭിച്ചു. കുറച്ചുസമയം നിശ്ശബ്ദപ്രാർഥനയ്ക്കും സഭാപിതാക്കന്മാരുടെ വിചിന്തനങ്ങളും ധ്യാനവിഷയമായി. ഇടയനെ അനുഗമിക്കുന്ന ആടുകളെപ്പോലെ പരിശുദ്ധ പിതാവിനോടൊപ്പം ആയിരക്കണക്കിന് വിശ്വാസികളും മെത്രാന്മാരും കർദിനാൾമാരും സിനഡിൽ സംബന്ധിക്കാനെത്തിയ സിനഡംഗങ്ങളും ബസിലിക്കയിൽ സന്നിഹിതരായിരുന്നു. റോമിന്റെ മെത്രാനോടൊപ്പം ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള വിശ്വാസികളും പങ്കുചേർന്നു. ജറുസലേമിലും ഗാസയിലും കീവിലും വടക്കൻ ആഫ്രിക്കയിലെ ഗ്രാമങ്ങളിലും പ്രാർഥനകൾ നടന്നു. വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളിൽ സമാധാനം സ്ഥാപിക്കുക എന്ന പൊതുലക്ഷ്യത്തോടെ, പ്രായശ്ചിത്തത്തിന്റെ ചൈതന്യത്തോടെ പ്രാർഥനയുടെയും വിചിന്തനത്തിന്റെയും ഒരു മണിക്കൂറിൽ ഭൂഖണ്ഡങ്ങളിലെല്ലാം പാപ്പയോടൊപ്പം ചേരാൻ സന്മനസ്സുള്ളവരെല്ലാം സന്നദ്ധത പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.