അഞ്ചു വർഷങ്ങൾക്കുശേഷം ആദ്യമായി നോത്രെ ഡാം കത്തീഡ്രലിലെ മണികൾ മുഴങ്ങും

പാരീസിലെ ചരിത്രപ്രസിദ്ധമായ നോത്രെ ഡാം കത്തീഡ്രലിൽ അഞ്ചു വർഷത്തിനുശേഷം മണികൾ മുഴങ്ങും. 2019 ഏപ്രിലിലുണ്ടായ തീപിടുത്തത്തിനുശേഷം ആദ്യമായിട്ടാണ് ഡിസംബർ എട്ടിന് മണി മുഴങ്ങാനൊരുങ്ങുന്നത്.

നവംബർ എട്ടിന് രാവിലെ 10.30 ന് പരീക്ഷണാടിസ്ഥാനത്തിൽ മണികൾ മുഴക്കിയത് വിജയിച്ചു. കത്തീഡ്രലിന്റെ നോർത്ത് ബെൽ ടവർ തീപിടുത്തത്തിൽ പൂർണ്ണമായി കത്തിനശിച്ചിരുന്നു. തീപിടുത്തം, അപകടത്തിൽ ഉണ്ടായതാണോ എന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രാഥമിക അന്വേഷണത്തിൽ വൈദ്യുതി തകരാർ മൂലമാണെന്നാണ് നിഗമനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കത്തീഡ്രൽ അഞ്ചു വർഷത്തിനുള്ളിൽ പുനർനിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിനും 14-ാം നൂറ്റാണ്ടിനും ഇടയിലാണ് നോത്ര ഡാം കത്തീഡ്രൽ നിർമിച്ചത്. ദൈവാലയത്തിന്റെ ഗോപുരം 13-ാം നൂറ്റാണ്ടിൽ പൂർത്തിയായെങ്കിലും കേടുപാടുകൾ കാരണം 19-ാം നൂറ്റാണ്ടിൽ അത് മാറ്റിസ്ഥാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.