ഒക്ടോബർ 29, ഞായറാഴ്ച രാവിലെ സായുധധാരികളായ ആളുകൾ തട്ടിക്കൊണ്ടുപോയ ഫാ. തദേവൂസ് തരെമ്പേ എന്ന വൈദികനെ ഒക്ടോബർ 30, തിങ്കളാഴ്ച വൈകുന്നേരത്തോടെ അക്രമികൾ വിട്ടയച്ചതായി വുകാരി രൂപതയുടെ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള ഡയറക്ടർ അറിയിച്ചു. വടക്കുകിഴക്കൻ നൈജീരിയയിലെ താരബ സംസ്ഥാനത്തുള്ള സർക്കിൻ കുടു എന്ന സ്ഥലത്തെ ഇടവകയിലെ വൈദികവസതിയിൽനിന്നാണ് അക്രമികൾ വൈദികനെ തട്ടിക്കൊണ്ടുപോയത്.
സാമ്പത്തികനേട്ടത്തിനായാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് അക്രമികൾ തിരിയുന്നത്. പുരോഹിതരെയും സമർപ്പിതരെയും തട്ടിക്കൊണ്ടുപോകുന്നത് താരതമ്യേന എളുപ്പമാണെന്ന കണക്കുകൂട്ടൽ മൂലമാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. നൈജീരിയയിലെ വൈദികരും സാധാരണ ജനങ്ങളുമുൾപ്പെടെയുള്ള ആളുകളെ ഇങ്ങനെ തട്ടിക്കൊണ്ടുപോകുന്നത് ഏതാണ്ട് വ്യാവസായികമായ രീതിയിലേക്ക് കടന്നിട്ടുണ്ടെന്ന് ഫീദെസ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ താരബ സംസ്ഥാനത്ത് ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർ എന്ന സംശയത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. നൈജീരിയയിൽ തുടർച്ചയായി അരങ്ങേറുന്ന തട്ടിക്കൊണ്ടുപോകലുകളുടെ അവസാന ഇര മാത്രമാണ് ഫാ. തദേവൂസ് തരെമ്പേ എന്ന് ഇതുമായി ബന്ധപ്പെട്ട് ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു.