പടിഞ്ഞാറൻ ഉഗാണ്ടയിൽ ക്രിസ്ത്യാനികളായ വിനോദസഞ്ചാരികളെയും ടൂറിസ്റ്റ് ഗൈഡിനെയും ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. ഉഗാണ്ടയിലെ കസെസെ ജില്ലയിലെ ക്വീൻ എലിസബത്ത് നാഷണൽ പാർക്കിൽവച്ച് ഒക്ടോബർ 17 -നായിരുന്നു വിനോദസഞ്ചാരികളായ ബ്രിട്ടീഷ് ദമ്പതികളെയും അവരെ നയിച്ചിരുന്ന ടൂറിസ്റ്റ് ഗൈഡിനെയും ഭീകരർ കൊലപ്പെടുത്തിയത്.
സുരക്ഷാ ഏജൻസികൾ പുറത്തുവിട്ട വിവരങ്ങളനുസരിച്ച്, ടൂറിസ്റ്റ് ഗൈഡ് എറിക് അലിയായും 40 -കാരനായ ബ്രിട്ടീഷ് വിനോദസഞ്ചാരി ഡേവിഡ് ബാർലോയും അദ്ദേഹത്തിന്റെ ഭാര്യ ദക്ഷിണാഫ്രിക്കക്കാരിയായ 51 -കാരി സീലിയ ബാർലോയുമാണ് മരണമടഞ്ഞത്. “വെടിയുണ്ടകളുടെ ശബ്ദംകേട്ടുനോക്കുമ്പോൾ, ‘നിങ്ങൾ ഉഗാണ്ടയിൽ ക്രിസ്ത്യാനികളെ പിന്തുണയ്ക്കുമെന്നും വിനോദസഞ്ചാരികൾ എന്നപേരിൽ വരുന്നവരുമാണെന്ന് ഞങ്ങൾക്കറിയാം’ എന്നും ആക്രോശിച്ചുകൊണ്ട് അവർക്കുനേരെ വെടിയുതിർക്കുകയും പിന്നീട് അവരുടെ വാഹനം കത്തിക്കുകയും ചെയ്തു” – ആക്രമണങ്ങൾ കണ്ട പ്രദേശവാസികൾ പറഞ്ഞു.
ക്രിസ്ത്യൻ ഉടമസ്ഥതയിലുള്ള ഹോട്ടലുകളിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നുവെന്നും പള്ളിക്ക് വരുമാനമുണ്ടാക്കാൻ സഹായിക്കുന്നുവെന്നുമുള്ള ആരോപണങ്ങളാണ് ടൂറിസ്റ്റ് ഗൈഡായ എറിക്കിനെതിരെ ഉയർന്നിരുന്നത്. “പടിഞ്ഞാറൻ ഉഗാണ്ടയിലെ സുവിശേഷവേലയെ പിന്തുണയ്ക്കുന്നതിനും ടൂറിസത്തിൽ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നതുകൊണ്ടും അദ്ദേഹം എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു” – പ്രദേശവാസികൾ പറഞ്ഞു.