ദൈവസ്നേഹത്തിൽ വിശ്വസിക്കുന്നവർക്ക് ഉണ്ടാകുന്ന പ്രലോഭനങ്ങളും വീഴ്ചകളും പരാജയത്തിൽ അവസാനിക്കുന്നില്ല: മാർപാപ്പ

യേശുക്രിസ്തുവിലും അവിടുത്തെ സ്നേഹത്തിലും വിശ്വസിക്കുന്നവർക്ക് ഉണ്ടാകുന്ന പ്രലോഭനങ്ങളും വീഴ്ചകളും പരാജയത്തിൽ അവസാനിക്കുന്നില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ ഓർമ്മപ്പെടുത്തി. നോമ്പുകാലത്തിലെ ആദ്യ ഞായറാഴ്ചയായ മാർച്ച് ഒൻപതിന് സന്നദ്ധപ്രവർത്തകരെ സ്വീകരിച്ചുകൊണ്ട് ജൂബിലി ആഘോഷവേളയിൽ അർപ്പിച്ച വിശുദ്ധ കുർബാന മധ്യേ കർദിനാൾ മൈക്കൽ സെർണിയാണ് മാർപാപ്പയുടെ പ്രസംഗം പങ്കുവച്ചത്.

“നമ്മുടെ പരീക്ഷണങ്ങൾ പരാജയത്തിൽ അവസാനിക്കുന്നില്ല. കാരണം, നാം തിന്മയിൽ നിന്ന് ക്രിസ്തുവിൽ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. അവിടുന്ന് നമ്മുടെ മുന്നിൽ വിമോചനത്തിന്റെയും വീണ്ടെടുപ്പിന്റെയും പുതിയ പാത തുറക്കുന്നു” മാർപാപ്പ പ്രസംഗത്തിൽ പങ്കുവച്ചു. വത്തിക്കാന്റെ സമഗ്ര മനുഷ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് ആയ കർദിനാൾ മൈക്കൽ സെർണിയാണ് സന്നദ്ധസേവകർക്കു വേണ്ടിയുള്ള ജൂബിലി ആഘോഷത്തിലെ വിശുദ്ധ കുർബാനയ്ക്ക് കാർമ്മികത്വം വഹിച്ചത്.

സന്നദ്ധസേവനപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ലോകം മുഴുവനുമുള്ള സഹോദരങ്ങൾക്ക് ജൂബിലി ആശംസകൾ നേർന്നുകൊണ്ടും, യേശുവിന്റെ മരണത്തിലും പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന വിശ്വാസത്തിന്റെ കേന്ദ്രമായ വിശുദ്ധവാരത്തിലേക്കും ഈസ്റ്ററിലേക്കും വിശ്വാസികളെ ക്ഷണിച്ചുകൊണ്ടും അവരെ പിന്തുണയ്ക്കാൻ പരിശുദ്ധാത്മാവിനോട് അപേക്ഷിച്ചുകൊണ്ടുമാണ് മാർപാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.