തലിത്താ കും: മനുഷ്യക്കടത്തിനെതിരായി വിശ്വാസത്തിലടിയുറച്ച പ്രവർത്തനം

2025 ഫെബ്രുവരി 8 ശനിയാഴ്ച മനുഷ്യക്കടത്തിന് എതിരായുള്ള പതിനൊന്നാമത് അന്താരാഷ്ട്ര ബോധവത്കരണ ദിനമാണ് (International Day of prayer and Awareness Against Human Trafficking ). മനുഷ്യക്കടത്തിനെതിരായി പ്രവർത്തിക്കുന്ന കത്തോലിക്ക സന്ന്യാസിനിമാരുടെ നെറ്റ് വർക്കാണ് തലിത്താ കും. മനുഷ്യക്കടത്ത് തടയാനുള്ള പ്രവർത്തനങ്ങളിലും അതിജീവിതരുടെ സംരക്ഷണത്തിലുമാണ് ഈ സംഘടന ശ്രദ്ധിക്കുന്നത്.

സിസ്റ്റർ ആബി അവെലിനൊ നയിക്കുന്ന തലിത്താ കും നെറ്റ് വർക്കിൽ ലോകമാസകലം, 6000 അംഗങ്ങളാണ് മനുഷ്യക്കടത്തിനെതിരായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. എല്ലാ ഭൂഖണ്ഡങ്ങളിലും പ്രവർത്തിക്കുന്ന ഇവർ പൊതുജനത്തിന് ബോധവത്കരണം നടത്തുന്ന പരിപാടികൾ സംഘടിപ്പിക്കുകയും, മനുഷ്യക്കടത്തിന് ഇരകളായവരെ രക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യക്കടത്ത് തടയാനും ഇരകൾക്ക് നീതി ഉറപ്പാക്കാനും ഭരണാധികാരികളോട് ചേർന്ന് തലിത്താ കും പ്രവർത്തിക്കുന്നു.

“മനുഷ്യക്കടത്തിനെതിരായി പ്രത്യാശയുടെ സ്ഥാനപതികൾ ” എന്നതാണ് ഈ വർഷത്തെ ക്യാമ്പെയിൻ തീം. പ്രത്യാശയുടെ തീർഥാടകരാകാനുള്ള ജൂബിലി വർഷത്തിന്റെ ആഹ്വാനത്തോട് ചേർന്നു നിൽക്കുന്നതാണിത്. ഇരകൾക്കും അതിജീവിതർക്കും പ്രത്യേകിച്ച്, ദുർബലരായ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യാശ പകരുന്നതിനുള്ള വിളി എല്ലാവർക്കും ഉണ്ടെന്ന് ഈ തീം ഓർമ്മിപ്പിക്കുന്നു”-  അന്തരാഷ്ട്ര ദിനത്തിന് മുന്നോടിയായി സിസ്റ്റർ ആബി റോമിൽ പറഞ്ഞു.

മനുഷ്യക്കടത്ത് ഇപ്പോൾ സങ്കീണ്ണമായ രീതിയിൽ വർധിക്കുന്നുണ്ടെന്ന് സിസ്റ്റർ  പറയുന്നു. ഈ തിന്മയ്ക്കക്കതിരായി ഒരുമിച്ചുള്ള പ്രവർത്തനത്തിന് ആഹ്വാനം ചെയ്ത സിസ്റ്റർ ആബി, ഏതു മതത്തിലോ,സാഹചര്യത്തിലോ ഉള്ളവരാണെങ്കിലും മനുഷ്യമഹത്വം ഉയർത്തിപ്പിടിക്കാനും പ്രത്യാശയുടെ വാഹകരാകാനുമാണ് നമ്മൾ ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നതെന്നും ഓർമിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.