ആഗമനകാലത്തിന്റെ തുടക്കത്തിൽ സമാധാനത്തിനായി സിറിയയിൽനിന്നും നിലവിളികൾ ഉയരുന്നു

സിറിയൻ ഗവൺമെന്റിനെതിരെ വിമതഗ്രൂപ്പുകളുടെ അക്രമം വർധിച്ചുകൊണ്ടിരിക്കുകയാണ്. ആഗമനകാലത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണങ്ങൾ വർധിക്കുമ്പോൾ സിറിയൻ ജനത ‘സമാധാനത്തിന്റെ സമ്മാനത്തിനായി’ കാത്തിരിക്കുകയാണ്. സിറിയയിലെ എല്ലാ കുടുംബങ്ങളോടുമൊപ്പം സമാധാനം ആഗ്രഹിക്കുന്നു എന്ന്, വത്തിക്കാൻ ഏജൻസിയായ ഫിഡ്‌സിനു നൽകിയ അഭിമുഖത്തിൽ സിറിയയിലെ കത്തോലിക്കാ പുരോഹിതൻ ഫാ. ഹ്യൂഗോ അലനിസ് വെളിപ്പെടുത്തി.

“ക്രിസ്തുമസിനു മുമ്പുള്ള ഈ സമയത്ത് പ്രത്യാശയുടെ ശക്തമായ ഒരു സന്ദേശം ഞങ്ങൾ ആവശ്യപ്പെടുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ 27 മുതൽ, സിറിയയിൽ 13 വർഷത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധം ശക്തമായിരിക്കുകയാണ്. പ്രസിഡന്റ് ബാഷർ അൽ-അസാദിന്റെ സർക്കാരിനെതിരെ പോരാടുന്ന വിമതരുടെ പുതിയ ആക്രമണങ്ങൾ  ശക്തിപ്രാപിച്ചിരിക്കുകയാണ്. നവംബർ 30 ന്, അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടുകൾ പ്രകാരം, കലാപകാരികൾ – ജിഹാദിസ്റ്റ് ഗ്രൂപ്പായ ഹയാത്ത് തഹ്‌രീർ അൽ-ഷാമിന്റെ നേതൃത്വത്തിൽ – സിറിയയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ അലപ്പോയുടെ ഭൂരിഭാഗവും പിടിച്ചെടുത്തു.

നവംബർ 27 മുതലുള്ള ഏറ്റുമുട്ടലിൽ 48 സിവിലിയന്മാർ ഉൾപ്പെടെ 372 പേർ കൊല്ലപ്പെട്ടതായി യു. കെ. ആസ്ഥാനമായുള്ള സർക്കാർവിരുദ്ധ ഗ്രൂപ്പായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.