യുദ്ധത്തിന്റെ ഇരകൾക്കായി പ്രാർഥനയോടെ മെത്രാൻ സിനഡ്

മെത്രാന്മാരുടെ സിനഡിന്റെ ആറാമത് പൊതുസിനഡ് സമ്മേളനത്തിൽ, ഗാസ- ഇസ്രായേൽ പ്രദേശങ്ങളിൽ നടക്കുന്ന കടുത്ത ആക്രമണങ്ങൾ, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ദാരിദ്ര്യംമൂലമുണ്ടാകുന്ന ദുരിതങ്ങൾ, കുടിയേറ്റവുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ പ്രശ്നങ്ങൾ, സഭയിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം, ലൈംഗികസ്വത്വവുമായി ബന്ധപ്പെട്ട ചിന്തകൾ തുടങ്ങിയവ ചർച്ചാവിഷയങ്ങളായി. സമ്മേളനവുമായി ബന്ധപ്പെട്ടുനടന്ന പത്രസമ്മേളനത്തിൽ സംസാരിച്ച സിനഡ് വാർത്താവിനിമയ കമ്മീഷൻ പ്രസിഡന്റ് പൗളോ റുഫീനിയും, സെക്രെട്ടറി ഷൈല പീരെസുമാണ് ഇതുസംബന്ധിച്ച വിശദീകരണങ്ങൾ നൽകിയത്.

രക്തരൂക്ഷിതമായ ഒരു യുദ്ധത്തിലേക്ക് ഗാസ – ഇസ്രായേൽ പ്രദേശങ്ങളിലെ സംഘർഷം വളർന്നേക്കാമെന്ന ചിന്ത കർദിനാൾ ആർതർ റോഷ് പങ്കുവച്ചു. ലോകത്തിന്റെ നിരവധി പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സിനഡിൽ നിരവധി തവണ ചർച്ചകളുണ്ടായതായി ഡോ. റുഫീനി പറഞ്ഞു. വിശ്വാസികൾ എന്ന നിലയിൽ, സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും അടയാളങ്ങളായി മാറാനുള്ള ഓരോ ക്രൈസ്തവരുടെയും ഉത്തരവാദിത്വവും സമ്മേളനത്തിൽ പരാമർശിക്കപ്പെട്ടു. സംഘർഷങ്ങളാൽ തളർന്ന രാജ്യങ്ങളുടെയും ചില പൗരസ്ത്യസഭകളിൽ നിലനിൽക്കുന്ന ബുദ്ധിമുട്ടുകളുടെയും പശ്ചാത്തലത്തിൽ സമാധാനത്തിനായുള്ള ആഹ്വാനങ്ങൾ ഉയർന്നു.

പാവപ്പെട്ടവരുടെ പക്ഷംചേരുന്ന എളിയ ഒരു സഭ എന്ന ആശയം മുന്നോട്ടുവന്നതിനെക്കുറിച്ച് ഷൈല പിരെസ് പറഞ്ഞു. പാവപ്പെട്ടവർക്ക്, അവഗണിക്കപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും കാലാവസ്ഥാവ്യതിയാനത്തിന്റെ ഇരകളാകുന്നവരുടെയും, രണ്ടാംതരക്കാരായി ചിലയിടങ്ങളിലെങ്കിലും കരുതപ്പെടുന്ന സ്ത്രീകളുടെയും സന്യസ്‌തകളുടെയും മുഖം കൂടിയുണ്ടെന്ന് സിനഡിൽ അഭിപ്രായമുയർന്നു. എല്ലാത്തരം ചൂഷണങ്ങളിൽനിന്നും ഇവർ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന് പിരെസ് വിശദീകരിച്ചു.

സിനഡിൽ സംസാരിച്ച, പാപുവ ന്യൂ ഗിനിയയിൽനിന്നുള്ള ഗ്രേസ് വ്രാക്കിയ, ഒത്തൊരുമയോടെയും പരസ്പരം ബന്ധങ്ങൾ തീർത്തും ജീവിക്കാൻ തങ്ങൾക്ക് സാധിക്കുന്നതിന്റെ ഉദാഹരണമാണ് ലോകത്തിനായി തങ്ങൾക്ക് നൽകാനുള്ളതെന്നു പറഞ്ഞതായി സിനഡ് പത്രക്കുറിപ്പിൽ അറിയിച്ചു. ആദ്യമായാണ് തങ്ങൾക്ക് ഇതുപോലെ തങ്ങളുടെ അഭിപ്രായം പറയാൻ ഒരവസരം ലഭിച്ചതെന്നും വ്രാക്കിയ അനുസ്മരിച്ചു.

ലൈംഗികാതിക്രമങ്ങൾമൂലം സഭയുടെ വിശ്വസ്‌തത പലയിടങ്ങളിലും ചോദ്യംചെയ്യപ്പെടുന്നുണ്ടെന്ന കാര്യം സിനഡിൽ ചർച്ചാവിഷയമായി. ഇത്തരം ദൂഷ്യങ്ങൾ സഭയിൽനിന്നും പൂർണ്ണമായി നീക്കിക്കളയേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറയപ്പെട്ടു. ഇരകളോട് സാമീപ്യമറിയിക്കുന്നതിന്റെ പ്രാധാന്യവും ഓർമ്മിക്കപ്പെട്ടുവെന്ന് ഡോ. റുഫീനി പറഞ്ഞു.

സുവിശേഷത്തോടും സഭാപ്രബോധനങ്ങളോടും വിശ്വസ്‌തത പാലിച്ചുകൊണ്ടുതന്നെ, ലൈംഗികസ്വത്വം സംബന്ധിച്ച വിഷയങ്ങൾ ഉത്തരവാദിത്വത്തോടും അതേസമയം അപരസ്വീകാര്യതയോടുംകൂടി കൈകാര്യം ചെയ്യപ്പെടണമെന്ന അഭിപ്രായം സിനഡിൽ ഉയർന്നതായി വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള കമ്മീഷൻ പ്രസിഡന്റ് പരാമർശിച്ചു. ഇതുസംബന്ധിച്ച കൂടുതൽ വിചിന്തനത്തിന്റെ ആവശ്യത്തെക്കുറിച്ച് വ്യത്യസ്തമായ ചിന്തകളുണ്ടായെന്ന് അറിയിച്ച അദ്ദേഹം, പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി, സിനഡിൽ ഈ വിഷയം സംബന്ധച്ച് ധ്രുവീകരണചിന്തകളൊന്നും ഉണ്ടായില്ലെന്നും ആശയങ്ങളുടെ പങ്കുവയ്ക്കൽ മാത്രമാണ് നടന്നതെന്നും വിശദീകരിച്ചു.

കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യപ്പെട്ടപ്പോൾ, അവരെ സ്വീകരിക്കുകയും സമൂഹത്തോട് ചേർന്നുപ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്ന മെത്രാൻസമിതികളുടെ സഹായം മറ്റുരാജ്യങ്ങളിലും ലഭ്യമാക്കണമെന്ന് പലരും ആവശ്യപ്പെട്ടതായി പത്രസമ്മേളനം വിശദീകരിച്ചു. കുടിയേറ്റക്കാരും അഭയാർഥികളും അവർ വന്നുചേരുന്ന രാജ്യങ്ങളിലെ നിയമങ്ങൾ പാലിക്കുന്നതിന്റെ പ്രാധാന്യവും എടുത്തുപറയപ്പെട്ടു.

കഴിഞ്ഞ ദിവസം ഫ്രാൻസിസ് പാപ്പായ്ക്കും കർദിനാൾ കോൺറാഡ് ക്രയേവ്‌സ്‌കിക്കുമൊപ്പം ഭക്ഷണത്തിനായി റോമിൽനിന്നുള്ള പാവപ്പെട്ട മനുഷ്യരെ ക്ഷണിച്ചതും സഭയിൽനിന്ന് അവർ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അവരോട് ഉന്നയിച്ച ചോദ്യത്തിന്റെ കാര്യവും ഡോ. റുഫീനി പരാമർശിച്ചു. സ്നേഹമാണ് സഭയിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു അവരുടെ ഉത്തരമെന്ന് അദ്ദേഹം വ്യക്തമാക്കി.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.