ലോകം മുഴുവനിലുമുള്ള കത്തോലിക്കാ വിശ്വാസികളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന അസാധാരണ സിനഡ് സമ്മേളനം വത്തിക്കാനിൽ ഇന്ന് ആരംഭിക്കും. ഇന്ത്യൻസമയം ഉച്ചയ്ക്ക് 12.30 -ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന പരിശുദ്ധ കുർബാനയോടെയാണ് സിനഡ് സമ്മേളനത്തിന് തുടക്കംകുറിക്കുന്നത്.
‘പൊതുനന്മയ്ക്കുവേണ്ടിയുള്ള ദൗത്യനിർവഹണത്തിലെ കൂട്ടായ്മയും പങ്കാളിത്തവും’ എന്ന ആപ്തവാക്യത്തോടെ മാർപാപ്പ വിളിച്ചുചേർത്തിരിക്കുന്ന ഈ സമ്മേളനത്തിൽ, 370 അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. ഇതിൽ സാധാരണ വിശ്വാസികൾക്കുകൂടി പങ്കാളിത്തം ഉറപ്പുവരുത്തികൊണ്ട് 370 അംഗങ്ങളിൽ 70 പേർ മെത്രാൻസംഘത്തിനു പുറത്തുനിന്നുള്ള വിശ്വാസികളാണ്. “പലതരം വ്യഖ്യാനങ്ങൾ വിശ്വാസജീവിതത്തിൽ കടന്നുവരുന്ന ഇക്കാലത്ത് യഥാർഥസത്യത്തിലേക്ക് ഒന്നിച്ചുനീങ്ങുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. വൈരുധ്യങ്ങളുടെ കുത്തൊഴുക്കിൽ ഒന്നിച്ചുനിൽക്കാനുള്ള അവസരംതേടലാണ് ഈ കൂട്ടായ്മകൊണ്ട് ഉദ്ദേശിക്കുന്നത്” – മാർപാപ്പ വിശദീകരിച്ചു.
വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ഇന്ന് ആരംഭിക്കുന്ന സിനഡിന്റെ ആദ്യസമ്മേളനം 29 വരെയാണ്. ലോകശ്രദ്ധ നേടിയ മാർപാപ്പയുടെ ചാക്രികലേഖനം ലൗദാത്തോ സി യുടെ രണ്ടാംപതിപ്പ് ഈ സിനഡിലാണ് പുറത്തിറങ്ങുന്നത്. അടുത്തവർഷം ഒക്ടോബറിലാണ് സിനഡിന് സമാപനം കുറിക്കുന്നത്.