നൈജീരിയയിലെ കഫൻചാൻ രൂപതയിലെ ഒരു ഇടവകയുടെ റെക്ടറി കത്തിക്കുകയും ആക്രമണത്തിൽ ഒരു വൈദികവിദ്യാർഥി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ എട്ടുപേരെ അറസ്റ്റ് ചെയ്തതായി നൈജീരിയൻ സംസ്ഥാനമായ പ്ലേറ്റോയിലെ സുരക്ഷാ ഏജൻസികൾ.
സെപ്റ്റംബർ 7 -നു രാത്രി ഫുലാനി തീവ്രവാദികൾ സാൻ റാഫേൽ ഫദൻ കമന്ത ഇടവക ആക്രമിക്കുകയും അവിടെയുള്ള വൈദികരെ തട്ടിക്കൊണ്ടുപോകാൻ ശ്രമംനടത്തുകയും ചെയ്തു. എന്നാൽ ഇത് പരാജയപ്പെട്ടപ്പോൾ പള്ളിമേടയ്ക്ക് തീയിടുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽശ്രമത്തിനിടെയാണ് നാമൻ ദൻലാമി എന്ന വൈദികവിദ്യാർഥി കൊല്ലപ്പെട്ടത്. രാജ്യത്തെ സ്പെഷ്യൽ മിലിട്ടറി ഫോഴ്സാണ് സംഭവവുമായി ബന്ധപ്പെട്ട് എട്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി പ്രഖ്യാപിച്ചത്.
അക്രമികളുടെ ഉദ്ദേശ്യം ഇടവക വൈദികനെ തട്ടിക്കൊണ്ടുപോകാനായിരുന്നു. പള്ളിമേടയിൽ കയറാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ അവർ അതിന് തീയിട്ടു. രണ്ട് വൈദികർക്ക് രക്ഷപെടാൻ കഴിഞ്ഞെങ്കിലും വൈദികവിദ്യാർഥി ഉള്ളിൽ പെട്ടുപോകുകയിരുന്നു എന്ന് കഫൻചാനിലെ ബിഷപ്പ് പറഞ്ഞു. ആക്രമണം ഒരുമണിക്കൂറിലധികം നീണ്ടു. ഒരു കിലോമീറ്റർ അകലെ സൈന്യത്തിന്റെ ഒരു ചെക്ക് പോയിന്റ് ഉണ്ടായിട്ടും സേനയിൽനിന്ന് പ്രതികരണമോ, പിന്തുണയോ ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.