സുഡാനിലെ സംഘർഷങ്ങൾ മൂലം കുടിയിറങ്ങേണ്ടി വന്നത് ഒരുകോടിയിലധികം ജനങ്ങൾക്കെന്ന് ഐക്യരാഷ്ട്രസംഘടന

സുഡാനിൽ തുടരുന്ന കടുത്ത സംഘർഷങ്ങൾ മൂലം രാജ്യത്തിനകത്തും പുറത്തുമായി ഒരുകോടി പത്തുലക്ഷം ജനങ്ങൾ കുടിയിറങ്ങാൻ നിർബന്ധിതരായെന്ന് ഐക്യരാഷ്ട്രസംഘടനയുടെ ശിശുക്ഷേമനിധി യൂണിസെഫും, അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഉന്നതകമ്മീഷനും വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം സംയുക്തമായി പുറത്തുവിട്ട ഒരു പ്രസ്താവനയിലാണ് ഈ ആഫ്രിക്കൻ രാജ്യം കടന്നുപോകുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ച് ഐക്യരാഷ്ട്രസഭാസംഘടനകൾ അറിയിച്ചത്. രാജ്യത്ത്, ശുദ്ധജലവിതരണം, ആരോഗ്യസേവനങ്ങൾ തുടങ്ങിയവ പരിമിതമായ തോതിൽ മാത്രമാണ് ആളുകൾക്ക് ലഭ്യമാകുന്നതെന്നും സംഘടനകൾ വ്യക്തമാക്കി.

സുഡാനിലെ സംഘർഷങ്ങൾ കൂടുതൽ തീവ്രമായിക്കൊണ്ടിരിക്കുകയാണെന്ന് അറിയിച്ച ശിശുക്ഷേമനിധിയും അഭയാർത്ഥി കമ്മീഷനും, സന്നദ്ധസംഘടനാപ്രവർത്തകർക്ക് സുഡാനിലേക്കുള്ള പ്രവേശനത്തിനായി നേരിടേണ്ടിവരുന്ന തടസ്സങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ, രാജ്യം ക്ഷാമമുൾപ്പെടെ കടുത്ത പ്രതിസന്ധികളെയാണ് നേരിടാൻ പോകുന്നതെന്ന് പ്രസ്താവിച്ചു. രാജ്യത്ത് നിലവിലെ അവസ്ഥയിൽ ഏതാണ്ട് ഒരുകോടി മുപ്പത് ലക്ഷം ആളുകളാണ് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നത്. ഇതിനുപുറമെ രാജ്യത്ത് കുട്ടികളും സ്ത്രീകളും കടുത്ത ചൂഷണങ്ങൾ നേരിടുന്നുണ്ടെന്നും പ്രസ്താവന വ്യക്തമാക്കി.

സുഡാനിലെ സംഘർഷങ്ങളും അനുബന്ധപ്രതിസന്ധികളും കാരണം അഞ്ചുവയസ്സിൽ താഴെയുള്ള മുപ്പത്തിയേഴ് ലക്ഷത്തോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് നേരിടുമെന്ന് ഐക്യരാഷ്ട്രസഭാസംഘടനകൾ അറിയിച്ചു. രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ചയും, കുട്ടികളുടെ പരിതസ്ഥിതിയും കണക്കിലെടുത്ത്, നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുവാനായി അന്താരാഷ്ട്രസമൂഹം മുന്നോട്ടിറങ്ങണമെന്നും, സംഘർഷങ്ങളിലേർപ്പെട്ടിരിക്കുന്നവർ എത്രയും വേഗം അതവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭാസംഘടനകൾ അഭ്യർത്ഥിച്ചു.

ലോകത്തുതന്നെ ഏറ്റവും കൂടുതൽ ആളുകൾ കുടിയിറക്കഭീഷണിയിലൂടെ കടന്നുപോകുന്നവയിൽപ്പെട്ട ഒരു രാജ്യമാണ് സുഡാൻ. രാജ്യത്തിനുള്ളിൽ ഒരു കോടിയോളം ജനങ്ങളാണ് കുടിയിറക്കപ്പെട്ടിട്ടുള്ളത്. എട്ടുലക്ഷം സുഡാൻ പൗരന്മാർ അയൽരാജ്യങ്ങളിൽ അഭയം തേടിയിട്ടുണ്ട്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.