വി. അമ്മത്രേസ്യായുടെ ശവകുടീരം വീണ്ടും തുറന്നു: അഞ്ചു നൂറ്റാണ്ടുകൾക്കുശേഷവും അഴുകാതെ ഭൗതികശരീരം

1582 ഒക്ടോബർ നാലിന്, അതായത് ഏകദേശം അഞ്ചു നൂറ്റാണ്ടുകൾക്കുമുമ്പ് മരണമടഞ്ഞ ആവിലയിലെ വി. അമ്മത്രേസ്യായുടെ ഭൗതികശരീരം അഴുകാതെ ഇന്നും തുടരുന്നു. സ്പെയിനിലെ ആവില രൂപത ആഗസ്റ്റ് 28-ന് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. വിശുദ്ധയുടെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത് ആൽബ ഡി ടോർമെസിലെ കാർമലൈറ്റ് മൊണാസ്ട്രിയിലാണ്.

“ഇന്ന് വി. അമ്മത്രേസ്യായുടെ ശവകുടീരം തുറക്കപ്പെട്ടു. 1914-ൽ അവസാനമായി തുറന്നപ്പോൾ ഉണ്ടായിരുന്ന അതേ അവസ്ഥയിൽത്തന്നെ വിശുദ്ധയുടെ ശരീരം ഇന്നും തുടരുന്നു” – ഡിസ്കാൽഡ് കർമ്മലീത്താ ഓർഡറിന്റെ പോസ്റ്റുലേറ്റർ ജനറൽ ഫാ. മാർക്കോ ചിസ വെളിപ്പെടുത്തുന്നു. ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരുടെ നടപടികൾക്കായുള്ള ഡിക്കസ്റ്ററി മുഖേനയുള്ള അംഗീകാരവും ഇതിന് നൽകിയിട്ടുണ്ട്.

ആൽബ ഡി ടോർമെസിന്റെയും സലാമങ്കയുടെയും കാർമലൈറ്റ് പ്രയോർ, ഫാ. മിഗ്വൽ ഏഞ്ചൽ ഗോൺസാലസ് ഈ നടപടിക്രമങ്ങൾ എങ്ങനെയാണ് നടപ്പിലാക്കിയതെന്ന് വിശദീകരിച്ചു: “ജനറൽ പോസ്റ്റുലേറ്റർ ഓഫ് ദി ഓർഡറും സഭാട്രിബ്യൂണലിലെ അംഗങ്ങളും കുറച്ച് കർമ്മലീത്താ സന്യാസിനികളും ചേർന്ന് തിരുശേഷിപ്പുകൾ പഠനത്തിനായി നിശ്ചയിച്ച സ്ഥലത്തേക്കു നീക്കി. സ്തോത്രഗീതം പാടികൊണ്ടാണ് ഇപ്രകാരം ചെയ്തത്” – വത്തിക്കാനിൽനിന്ന് ആവിലായിലെ വി. തെരേസയുടെ ഭൗതികാവശിഷ്ടങ്ങൾ കാനോനികമായി അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി നടക്കുന്നതെന്ന് രൂപത വിശദീകരിച്ചു.

സ്പാനിഷ് പട്ടണമായ റോണ്ടയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധയുടെ ശരീരം, ഹൃദയം, ഒരു കൈ, ഒരു കൈപ്പത്തി എന്നിവയുടെമേലുള്ള പഠനത്തിനും ഗവേഷണത്തിനുമായി ആൽബ ഡി ടോർമെസിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആഗസ്റ്റ് 28 മുതൽ ആഗസ്റ്റ് 31 വരെയാണ് നടക്കുന്നത്. പഠനങ്ങൾക്കായി വി. അമ്മത്രേസ്യയുടെ കല്ലറയുടെ മാർബിൾ സ്ലാബ് ആദ്യം നീക്കംചെയ്തതായും തുടർന്ന് പഠനത്തിനായി നീക്കിവച്ച മുറിയിൽവച്ച് ശാസ്ത്രമെഡിക്കൽ സംഘത്തിന്റെയും സഭാകോടതി അംഗങ്ങളുടെയും സാന്നിധ്യത്തിൽ മാത്രമാണ് വെള്ളിക്കല്ലറ തുറന്നതെന്നും രൂപതാധികൃതർ വ്യക്തമാക്കി. സ്വർണ്ണപ്പണിക്കാരായ ഇഗ്നാസിയോ മൻസാനോ മാർട്ടിൻ, കോൺസ്റ്റാന്റിനോ മാർട്ടിൻ ജെയ്ൻ എന്നിവരുടെ സഹായത്തോടെയാണ് വെള്ളി ശവകുടീരം തുറന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.